നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും ഏറ്റെടുക്കാന്‍ വിമുഖത; 25 പുത്തന്‍ കെഎസ്ആര്‍ടിസി ബസുകള്‍ മഴയത്ത് നശിക്കുന്നു

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: നിര്‍മ്മാണം പൂര്‍ത്തിയായ 25 പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ സ്വകാര്യ  കമ്പനിയില്‍ മഴ കൊണ്ട് നശിക്കുന്നു. ബോഡിയിട്ട് പുതുപുത്തനായി റോഡിലേക്ക് കുതിക്കേണ്ട കെഎസ്ആര്‍ടിസി ബസുകളാണ്  കൊണ്ടോട്ടി കമ്പനിയില്‍   നാശത്തിനു വിട്ടുകൊടുക്കുന്നത്.

ബോഡി നിര്‍മ്മാണത്തിനു മുഴുവന്‍ തുകയായ ആറു കോടിയ്ക്ക് മേല്‍ നല്‍കിക്കഴിഞ്ഞ ബസുകളാണ് ഏറ്റെടുക്കാന്‍ കെഎസ്ആര്‍ടിസിയില്ലാതെ നാശവുമായി മുഖാമുഖം നില്‍ക്കുന്നത്. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് മുതലക്കൂപ്പ് കുത്തുന്ന കെഎസ്ആര്‍ടിസി നിര്‍മ്മാണം കഴിഞ്ഞ ബസുകള്‍ മുഴുവന്‍ മഴയ്ക്ക് വിട്ടു കൊടുത്തിരിക്കുകയാണ്.

നയവ്യതിയാനമാണ് കെഎസ്ആര്‍ടിസിയെ തിരിഞ്ഞു കുത്തുന്നത്. എല്ലാ ബസുകളും വാടകയ്ക്ക് എന്ന നയം നടപ്പിലാക്കുന്നത് കാരണം സ്വന്തം ബസുകളോട് അധികൃതര്‍ വിമുഖത കാട്ടുകയാണ്. പണം നല്‍കിക്കഴിഞ്ഞ സ്വന്തം ബസുകള്‍ ആണിത് എന്ന കാര്യം ഇതിനിടയില്‍ മറക്കുകയും ചെയ്യുന്നു. കെഎസ്ആര്‍ടിസിയെ രക്ഷിക്കുന്നു എന്ന്‍ പറയുന്ന എംഡി ടോമിന്‍ തച്ചങ്കരിയ്ക്ക് തന്നെയാണ് ബസുകള്‍ കെഎസ്ആര്‍ടിസിയിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം.

ബസുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി അറിയിച്ച് ബോഡി നിര്‍മ്മാണത്തിനു കരാര്‍ എടുത്ത കൊണ്ടോട്ടി കമ്പനി നിരന്തരം നോട്ടീസ് നല്‍കിയിട്ടും എംഡി അടക്കമുള്ള കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് കുലുക്കമില്ല. . നൂറു വണ്ടികള്‍ക്കാണ് ബോഡി നിര്‍മ്മാണത്തിനായി കൊണ്ടോട്ടി കമ്പനിക്ക് ക്വട്ടേഷന്‍ നല്‍കിയത്. അതില്‍ കെഎസ്ആര്‍ടിസിയ്ക്ക് ഇനി കൈമാറാനുള്ള 25 വണ്ടികള്‍ ആണ് മഴയത്ത് കിടന്നു നശിക്കുന്നത്.

രാജമാണിക്യം എംഡിആയിരുന്ന കാലത്താണ് ബോഡി നിര്‍മ്മാണത്തിനു ക്വട്ടേഷന്‍ നല്‍കിയത്. 80 ഫാസ്റ്റ് പാസ്സഞ്ചറും 20 സുപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്കുമാണ് കരാര്‍ നല്‍കിയിരുന്നത്. ഇതില്‍ 25 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് കെഎസ്ആര്‍ടിസി ഏറ്റെടുക്കാന്‍ വിമുഖത കാട്ടുന്നത്. ബസ് വാങ്ങുന്നത് നഷ്ടമാണ് എന്ന ലൈന്‍ ആണ് എംഡി ടോമിന്‍ തച്ചങ്കരി പിന്തുടരുന്നത്. പകരം വാടക വണ്ടി ഉപയോഗിക്കുക. വാടക വണ്ടി കെഎസ്ആര്‍ടിസിയെക്കൊണ്ട് പിടിപ്പിക്കാന്‍ ഒരു വളരെ ശക്തമായ രാഷ്രീയ-ഉദ്യോഗസ്ഥ ബന്ധങ്ങള്‍ ഉള്ള ഒരു ലോബി തന്നെ കെഎസ്ആര്‍ടിസിയിലുണ്ട്. ഈ ലോബിയുടെ സ്വാധീനം കാരണമാണ് എംഡി ബസുകള്‍ ഏറ്റെടുക്കല്‍ വൈകിക്കുന്നത് എന്നാണ് സൂചനകള്‍.

വാടക വണ്ടികള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചാണ് സ്വന്തമായ ബസ് ബോഡി യൂണിറ്റുകള്‍ കെഎസ്ആര്‍ടിസി അടച്ചു പൂട്ടുന്നത്. ബസ് ബോഡി യൂണിറ്റുകള്‍ ഉണ്ടായാല്‍ നിര്‍മ്മാണം കെഎസ്ആര്‍ടിസി വകയാകും. കെഎസ്ആര്‍ടിസിയ്ക്ക് ഗുണം വന്നാല്‍ പുറത്തുള്ളവര്‍ക്ക് എന്ത് ലാഭം. കെഎസ്ആര്‍ടിസി നന്നാകേണ്ട, പുറത്തുള്ളവര്‍ നന്നായാല്‍ മതി എന്ന മനോഭാവമാണ് വാടക ബസുകള്‍ക്ക് പിന്നിലുള്ളത്.

കെഎസ്ആര്‍ടിസിയുടെ ഏറ്റവും പ്രശസ്തമായ, ഏഷ്യയിലെ ഏറ്റവും മികച്ച ബസ് ബോഡി യൂണിറ്റായ പാപ്പനംകോട് സെൻട്രൽ വർക്സ് ഡിപ്പോ അടച്ചുപൂട്ടാന്‍ നീക്കം വന്നതും ഇതിന്റെ മറ പിടിച്ചു തന്നെയാണ്. കേന്ദ്ര സർക്കാറിന്റെ പുതിയ ബസ് ബോഡി കോഡ് വളരെ കര്‍ശനമായ നിബന്ധനകള്‍ ഉള്ളതാണ്. ബസ് ബോഡി നിര്‍മ്മാണത്തിനു വളരെയധികം കടമ്പകൾ ചാടിക്കടന്നാണ് കെഎസ്ആര്‍ടിസി കേന്ദ്ര അനുമതി നേടിയെടുത്തത്.

കെഎസ്ആര്‍ടിസിയ്ക്കും കൊണ്ടോട്ടി കമ്പനിയ്ക്കും മാത്രമാണ് ബസ് ബോഡി നിര്‍മ്മാണത്തിനു കേരളത്തില്‍ കേന്ദ്രാനുമതിയുള്ളത്. ഈ യൂണിറ്റുകള്‍ ആണ് കെഎസ്ആര്‍ടിസി തന്നെ നിര്‍വീര്യമാക്കുന്നത്. ലക്‌ഷ്യം വാടക വണ്ടികള്‍ എന്നത് മാത്രമാണ്. വാടകവണ്ടികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ലാഭമാണ് എന്ന് കെഎസ്ആര്‍ടിസി പറയുന്നു.

എന്തിനാണ് മറ്റ് സംസ്ഥാനങ്ങള്‍ നോക്കുന്നത്. കേരളത്തില്‍ തന്നെ വാടക വണ്ടികള്‍ കെഎസ്ആര്‍ടിസി ഓടിക്കുന്നുണ്ട്. അത് ലാഭമാണോ എന്ന് നോക്കിയാല്‍ മതി.വാടകയ്ക്ക് എടുത്ത സ്കാനിയാ ബസുകള്‍ വലിയ നഷ്ടമാണ് കെഎസ്ആര്‍ടിസിയ്ക്ക് വരുത്തിക്കൊണ്ടിരിക്കുന്നത്. സ്കാനിയാ ബസുകള്‍ വഴി തന്നെ കെഎസ്ആര്‍ടിസിയ്ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിന്നിടെ ഒരു കോടിക്കടുത്ത് രൂപ നഷ്ടം വന്നിട്ടുണ്ട്. എഐടിയുസിയുടെ നേതൃത്വത്തിലുള്ള കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ കഴിഞ്ഞ മേയ് മാസത്തില്‍ കെഎസ്ആര്‍ടിസി എംഡിയ്ക്ക് ഒരു കത്ത് നല്‍കിയിട്ടുണ്ട്.

സ്കാനിയാ ബസുകള്‍ ഓരോ മാസം കെഎസ്ആര്‍ടിസിയ്ക്ക് വരുത്തുന്ന ലക്ഷക്കണക്കിന് രൂപയുടെ നഷ്ട കണക്കുകള്‍ ഈ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിന്നെയെന്തിന് മറ്റ് സംസ്ഥാനങ്ങളുടെ വാടക വണ്ടി മാതൃക കെഎസ്ആര്‍ടിസിയും പിന്തുടരണം. കെഎസ്ആര്‍ടിസി യൂണിയനുകള്‍ തന്നെ ചൂണ്ടിക്കാട്ടുന്ന കാര്യമാണിത്. ഇതേ മാനോഭാവം തന്നെയാണ് 25 ബസുകള്‍ കൊണ്ടോട്ടി കമ്പനിയില്‍ മഴയത്ത് നശികകാനും കാരണമായിരിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി 24 ന് കെഎസ്ആര്‍ടിസി യൂണിയനുകൾ ചീഫ് ഓഫീസിനു മുന്നിൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. .