ബോക്‌സ്ഓഫീസ്‌ കളക്ഷന്‍: മധുരരാജയ്ക്ക് മുന്നില്‍ ലൂസിഫര്‍, 150 കോടി പിന്നിട്ട് കുതിപ്പ് തുടരുന്നു

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറും’ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യത ‘മധുരരാജ’യും മികച്ച പ്രതികരണം നേടി തീയേറ്ററുകളില്‍ മുന്നേറുകയാണ്. എന്നാല്‍ ബോക്‌സ്ഓഫീസില്‍ ഇരുചിത്രങ്ങളും തമ്മില്‍ കടുത്തമത്സരമാണ് അരങ്ങേറുന്നത്.

മധുരരാജയ്ക്ക് മുന്‍പ്‌ തീയേറ്ററുകളിലെത്തിയ ലൂസിഫർ 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. മമ്മൂട്ടി ചിത്രം മധുരരാജയ്ക്കാകട്ടെ പത്ത് ദിവസത്തിനുള്ളില്‍
58.7 കോടി രൂപയാണ് സ്വന്തമാമാക്കാനായത്‌. കളക്ഷന്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഒരു പടി മുന്നില്‍ മോഹന്‍ലാല്‍ ചിത്രം ലൂസിഫറാണെന്ന് പറയേണ്ടിവരും.

21 ദിവസങ്ങള്‍കൊണ്ട് 150കോടി ക്ലബിലും ലൂസിഫര്‍ എത്തിയിരുന്നു. മറ്റ് വിഷു റിലീസുകളൊക്കെ എത്തുന്നതിന് മുന്‍പ് കേരളത്തില്‍ മാത്രം 400 സ്‌ക്രീനുകളിലാണ് ലൂസിഫര്‍ റിലീസ് ചെയ്യപ്പെട്ടത്. ഒരു മലയാളചിത്രം റിലീസിന് കടന്നുചെന്നിട്ടില്ലാത്ത വിദേശ മാര്‍ക്കറ്റുകളിലേക്കൊക്കെ ലൂസിഫര്‍ കടന്നുചെന്നിരുന്നു. കേരളവും മറ്റ് സംസ്ഥാനങ്ങളും കഴിഞ്ഞാല്‍ യുഎഇ, ജിസിസി റിലീസിന് മാത്രം പ്രാധാന്യം കൊടുത്തിരുന്ന മലയാളസിനിമാ പതിവിന് വിപരീതമായി യുഎസിലേക്കും യുകെയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമൊക്കെ ലൂസിഫര്‍ എത്തി. ഇവിടങ്ങളിലെല്ലാം മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ആദ്യ എട്ട് ദിനങ്ങളില്‍ 100 കോടി എന്ന സ്വപ്‌ന നേട്ടത്തിലേക്കും തുടര്‍ന്ന് 150 കോടി ക്ലബിലേക്കും ചിത്രം എത്തിയത്. 

തീയേറ്ററുകളിലെത്തി 50 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്. മൂന്ന് ആഴ്ചകള്‍ പിന്നിട്ടപ്പോഴും ഷോകളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. ചെന്നൈ ഉള്‍പ്പെടെ മലയാളികള്‍ ധാരാളമുള്ള മെട്രോ നഗരങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണം തുടരുന്നു. ഇനിയും ഒന്നരമാസത്തെ അവധിക്കാലമാണ് കേരളത്തില്‍ ചിത്രത്തിന് മുന്നിലുള്ളത്. ലോംഗ് റണ്ണില്‍ ലൂസിഫര്‍ 200 കോടി ക്ലബ്ബിലെത്താനുള്ള സാഹചര്യവും അനുകൂലമായുണ്ട്‌.