ബോംബെ പ്രസിഡൻസി തലശ്ശേരി നാണയങ്ങൾ

ബോബിൻ. ജെ. മണ്ണനാൽ

ബോംബെ പ്രസിഡൻസി തലശ്ശേരി നാണയങ്ങൾഇന്ത്യ വൈദേശികാധിപത്യത്തിനു കീഴിൽ വരും മുമ്പേ തന്നെ വാണിജ്യ ഭൂപടത്തിൽ സ്വന്തമായ ഇടം നേടിയ പ്രദേശമായിരുന്നു തലശ്ശേരി. ബ്രിട്ടീഷ് ഭരണകാലത്ത് തലശ്ശേരിയുടെ വാണിജ്യപ്രാധാന്യം അതിന്റെ ഉച്ചകോടിയിലെത്തുകയും ചെയ്തു.
വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇന്ത്യയുടെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഫാക്ടറികൾ സ്ഥാപിച്ച ഈസ്റ്റിന്ത്യാ കമ്പനി
പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ മദ്രാസ്, ബോബെ,
കൽക്കട്ട എന്നിവിടങ്ങളിൽ പ്രസിഡൻസി ടൗണുകൾ സ്ഥാപിച്ചു.

ക്രമേണ കമ്പനി കൂടുതൽ അധികാരങ്ങൾ കരഗതമാക്കിയതോടെ, ഈ പ്രസിഡൻസി ടൗണുകൾ ഭരണകേന്ദ്രങ്ങളാവുകയും തുടര്‍ന്ന് കൂടുതൽ പ്രസിഡൻസികൾ സ്ഥാപിതമാവുകയും ചെയ്തു.

പ്രസിഡൻസികൾക്ക് സ്വന്തമായി കമ്മട്ടങ്ങളും നാണയങ്ങൾ അടിച്ചിറക്കാനുള്ള അവകാശവും ഉണ്ടായിരുന്നു. തലശ്ശേരി കോട്ടയിൽ സ്ഥാപിച്ചിരുന്ന കമ്മട്ടത്തിൽ 1799 – 1805 കാലഘട്ടത്തിൽ വിവിധ ശ്രേണികളിൽ പെട്ട നാണയം അടച്ചിരുന്നു. ഇതിൽ പല നാണയങ്ങളിലും ‘T’എന്നു രേഖപ്പെടുത്തിയിരിക്കുന്നത് Tellicherry എന്നതിനെ സൂചിപ്പിക്കുന്നു

തലശ്ശേരി ഉൾപ്പെടുന്ന ‘മലബാർ’ മദ്രാസ് പ്രസിഡന്‍സിക്ക് കീഴിൽ വരുന്നതിനു മുന്‍പ് ബോംബെ പ്രസിഡൻസിയുടെ കീഴിൽ ആയിരുന്നു. അക്കാലത്ത് ബോംബെ പ്രസിഡൻസിക്കുവേണ്ടിയും തലശ്ശേരി കമ്മട്ടത്തിൽ നാണയം അടച്ചിരുന്നു. തലശ്ശേരി കമ്മട്ടത്തിൽ അടിച്ചിറക്കിയ രൂപയുടെ അഞ്ചിലൊന്ന് മൂല്യമുള്ള(1/5) വെള്ളിനാണയങ്ങൾ തലശ്ശേരി പണം എന്ന് അറിയപ്പെട്ടു.

നാണയ വിദഗ്ദർക്കിടയിൽ ഏറെ ശ്രദ്ധേയമായ ഈ നാണയങ്ങൾ ലഭ്യതയിൽ വളരെ കുറവാണ്.

ബോബിൻ. ജെ. മണ്ണനാൽ