ബോംബുകൾ; മാനവരാശിയുടെ അന്തകൻ

റജീബ് ആലത്തൂർ

താപമോചക പ്രവർത്തനം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഫോടകവസ്തുവാണ് ബോംബ് (Bomb). ഗ്രീക്ക് ഭാഷയിലെ ‘ബോംബോസ്’, ലാറ്റിൻ ഭാഷയിലെ ‘ബോംബസ്’ എന്നീ പദങ്ങളിൽ നിന്നാണ് ‘ബോംബ്’ എന്ന വാക്കുണ്ടായതെന്നു കരുതപ്പെടുന്നു. ‘മുഴങ്ങുന്നത്’, ‘മൂളുന്നത്’ എന്നൊക്കെയാണ് ഈ വാക്കുകളുടെ അർത്ഥം.

Image result for bomb blast

AD 1221 ൽ ചൈനയിലാണ് ആദ്യമായി ഉഗ്ര സ്ഫോടന ശീലമുള്ള വെടിമരുന്ന് ബോംബുകൾ പ്രയോഗിക്കപ്പെട്ടത്. ചൈനയിലെ ജിൻ രാജവംശത്തിലെ സൈനികർ സോങ് രാജ്യത്തിലെ ഒരു നഗരത്തെ ആക്രമിക്കുന്നതിനായാണ് ഈ ബോംബുകൾ പ്രയോഗിച്ചത്. ഇരുമ്പുകൊണ്ടുള്ള പുറന്തോടിനുള്ളിൽ വെടിമരുന്ന് നിറച്ചുള്ള ബോംബുകൾ 13 ആം നൂറ്റാണ്ട് മുതൽ തന്നെ ചൈനയിൽ ഉപയോഗിച്ച്‌ തുടങ്ങിയിരുന്നു. 1231 ൽ ജിൻ രാജവംശവും മംഗോളിയന്മാരും തമ്മിൽ നടന്ന നാവികയുദ്ധത്തിലും ബോംബുകൾ (thunder-crash bombs) ഉപയോഗിക്കപ്പെട്ടിരുന്നു. 1345 ൽ സമാഹരിക്കപ്പെട്ട ‘ദ ഹിസ്റ്ററി ഒഫ് ജിൻ’ എന്ന പുസ്തകത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. പിന്നീട് ജപ്പാൻ കീഴടക്കുന്നതിനായി മംഗോളിയൻമാരും ഈ ബോംബുകൾ പ്രയോഗിക്കുകയുണ്ടായി. ജപ്പാൻ തീരത്തു നിന്നും കണ്ടെത്തിയ ഒരു പഴയകാല കപ്പലിൽ നിന്ന് ഇത്തരം ബോംബുകൾ കണ്ടെത്തിയിരുന്നു. ഇത്തരം ബോംബുകളുടെ സ്ഫോടനം നടക്കുമ്പോൾ ബോംബിനുള്ളിലെ വസ്തുക്കൾ ചിന്നിച്ചിതറുന്നു. അതിവേഗം സഞ്ചരിക്കുന്ന ഈ വസ്തുക്കൾ മറ്റു വസ്തുക്കളിൽ തട്ടുമ്പോൾ അവയും തകർക്കപ്പെടുന്നു. 14 ആം നൂറ്റാണ്ടിൽ സ്ഫോടനത്തന്റെ ആഘാതം കൂട്ടുന്നതിനായി ഇരുമ്പ് ഗോളങ്ങൾ നിറച്ച നവീകരിച്ച ബോംബുകൾ നിർമിച്ചിരുന്നു. ഇവ പൊട്ടിത്തെറിക്കുമ്പോൾ ചുറ്റുമുള്ള വസ്തുക്കളും ഛിന്നഭിന്നമാക്കപ്പെട്ടു.

Image result for bomb blast

ബോംബിൽ നിറച്ചിരിക്കുന്ന സ്ഫോടനശേഷിയുള്ള പദാർത്ഥം താപമോചക പ്രവർത്തനത്തിനു വിധേയമാകുമ്പോൾ വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളം ഊർജ്ജം പുറന്തള്ളുന്നു. ഈ അമിത ഊർജ്ജപ്രവാഹത്തിന്റെ ഫലമായി ബോംബ് സ്ഫോടനം നടക്കുന്ന പ്രദേശത്ത് ധാരാളം നാശനഷ്ടങ്ങളുണ്ടാക്കുന്നു. ബോംബ് സ്ഫോടനത്തിന്റെ ആഘാതത്താലുണ്ടാകുന്ന തരംഗങ്ങൾ ശരീരത്തിനു പലതരത്തിലുള്ള കേടുപാടുകൾ സൃഷ്ടിക്കുന്നതാണ്. ആഘാത തരംഗങ്ങളുടെ ശക്തികൊണ്ട് ശരീരം വായുവിലേക്ക് ചുഴറ്റിയെറിയപ്പെടാം. ഇത് മരണത്തിനും അംഗഭംഗത്തിനും ആന്തരിക രക്തസ്രാവത്തിനുമെല്ലാം കാരണമാകുന്നു. ബോംബ് സ്ഫോടനഫലമായി ഉണ്ടാകുന്ന ഉയർന്ന ശബ്ദം കർണ്ണപടത്തെ നിരന്തരമായ തകരാറിലാക്കുവാൻ സാധ്യതയുള്ളതാണ്. സ്ഫോടനഫലമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന താപോർജ്ജത്തിൽ നിന്നും താപതരംഗങ്ങൾ ഉണ്ടാകുന്നു. സൈനികർ നടത്തുന്ന ബോംബ് പരീക്ഷണങ്ങളിൽ 2480 ഡിഗ്രി സെൽഷ്യസ് താപനില വരെ രേഖപ്പെടുത്താറുണ്ട്. ബോംബ് സ്ഫോടനഫലമായുണ്ടാകുന്ന ഈ ഉയർന്ന താപം ശരീരത്തിൽ ഗുരുതരമായ പൊള്ളലുകളുണ്ടാക്കാം. സ്ഫോടനം നടക്കുന്ന സ്ഥലത്തു നിന്നും പരമാവധി അകലെ നിൽക്കുക എന്നതാണ് ബോംബ് സ്ഫോടനത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം.

Image result for bomb blast

ബോംബുകളെ പ്രധാനമായും സിവിലിയൻ ബോംബുകൾ എന്നും മിലിട്ടറി ബോംബുകൾ എന്നും രണ്ടായി തരം തിരിച്ചിരിക്കാം. ഇതിൽ ഏറ്റവും കൂടുതലായി നിർമ്മിക്കുന്നതും ഉപയോഗിക്കുന്നതും വികസിപ്പിക്കുന്നതുമായ ബോംബുകളാണ് മിലിട്ടറി ബോംബുകൾ, യുദ്ധരംഗത്താണ് ഇവ വ്യാപകമായി ഉപയോഗിക്കുന്നത്. ഇമ്പ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസസ് (Improvised explosive device – IED) എന്ന വിഭാഗത്തിൽ വരുന്ന ബോംബുകളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഒരു സ്യൂട്ട് കേസിലോ പെട്ടിയിലോ വയ്ക്കുന്ന ബോംബുകളാണ് ടൈപ്പ് 76 ബോംബുകൾ. ബോംബർ വിമാനങ്ങളിലൂടെ പ്രയോഗിക്കുന്നവയാണ് ടൈപ്പ് 80 ബോംബുകൾ. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങളെ ബോംബുകളായി ഉപയോഗിക്കാറുണ്ട്. വെഹിക്കിൾ ബോൺ ഐ.ഇ.ഡി. അഥവാ VBIED എന്നറിയപ്പെടുന്ന ഇത്തരം ബോംബുകൾ അത്യധികം വിനാശസ്വഭാവമുള്ളവയാണ്. ഇമ്പ്രവൈസ്ഡ് എക്സ്പ്ലോസീവ് മെറ്റീരിയൽസ് (IED) പൊതുവെ അസ്ഥിരമാണ്. IED ഉപയോഗിച്ചാണ് കശ്മീരിലെ പുൽവാമയിലെ ആക്രമണം തീവ്രവാദികൾ നടത്തിയത്. ഒരു മഹിന്ദ്ര സ്കോർപിയോയിൽ 320 കിലോഗ്രാമോളം സ്‌ഫോടക വസ്തുക്കളുമായാണ് ഭീകരർ ഈ സ്ഫോടനം നടത്തിയത്. ഘർഷണം മുതൽ ഇലക്ട്രോസ്റ്റാറ്റിക് ഷോക്ക് വരെയുള്ള ഘടകങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങൾ കൊണ്ട് ഇവ പൊട്ടിത്തെറിക്കാം. റിമോട്ട് ഉപയോഗിച്ചു നിയന്ത്രിക്കുന്ന ബോംബുകൾ ചിലപ്പോൾ താപനിലയിലുണ്ടാകുന്ന വ്യത്യാസം കൊണ്ടോ മൊബൈൽ ഫോണുകൾ, റോഡിയോ എന്നീ ഉപകരണങ്ങളുടെ സാന്നിദ്ധ്യം കൊണ്ടോ പൊട്ടിത്തെറിക്കാം. വിദഗ്ദരല്ലാത്തവരുടെ ഇടപെടൽ കൊണ്ടും ബോംബ് സ്ഫോടനം ഉണ്ടാകാൻ സാധ്യതകളുണ്ട്.

Related image

അണുവിഘടനമോ (ന്യൂക്ലിയർ ഫിഷൻ) അണുസംയോജനമോ (ന്യൂക്ലിയർ ഫ്യൂഷൻ) കൊണ്ട് നശീകരണശക്തി ലഭിക്കുന്ന ആയുധങ്ങളാണ്‌ ആണവായുധങ്ങൾ (Nuclear weapons). ഇവയിൽ ഏറ്റവും അപകടകരമായ ബോംബുകളാണ് ആറ്റം ബോംബുകളും ഹൈഡ്രജൻ ബോംബുകളും. വലിയ ഒരു ആറ്റം വിഘടിക്കുമ്പോൾ വൻതോതിൽ ഊർജ്ജം പുറത്തുവിടുന്നു, എന്ന അണുവിഘടന സിദ്ധാന്തം (Nuclear fission) അടിസ്ഥാനമാക്കിയാണ് ആറ്റം ബോംബുകൾ പ്രവർത്തിക്കുന്നത്. ഹൈഡ്രജൻ ബോംബുകളുടെ പ്രവർത്തന തത്വം അണുസംയോജന സിദ്ധാന്തമാണ് (Nuclear fusion). ഒന്നിലധികം അണുകേന്ദ്രങ്ങൾ കൂടിച്ചെർന്ന് കൂടുതൽ ഭാരമുള്ള അണുകേന്ദ്രമുണ്ടാകുന്ന പ്രക്രിയയാണ് അണുസംയോജനം അഥവാ ന്യൂക്ലിയർ ഫ്യൂഷൻ. അണുസം‌യോജനം മൂലം ഊർജ്ജം താപരൂപത്തിലാണ്‌ പുറന്തള്ളപ്പെടുന്നത്. സൂര്യനിലും, തെർമോന്യൂക്ലിയർ ആയുധങ്ങളിലും, തെർമോന്യൂക്ലിയർ നിലയങ്ങളിലും ഊർജ്ജം ഉല്പ്പാദിപ്പിക്കപ്പെടുന്നത് അണുസം‌യോജന പ്രക്രിയയായ ന്യുക്ലിയർ ഫ്യൂഷനിലൂടെയാണ്. ന്യൂക്ലിയർ ഫിഷനിലൂടെ തുടങ്ങി ന്യുക്ലിയർ ഫ്യൂഷനുണ്ടാകുന്ന സാങ്കേതികവിദ്യ മൂലം വൻതോതിലുള്ള ഊർജ്ജം പ്രവഹിച്ചാണ് ഹൈഡ്രജൻ ബോംബുകളിൽ സ്ഫോടനം നടക്കുന്നത്.

Image result for bomb blast

വിശാലമായ പ്രദേശത്ത് വിനാശകരമായ പദാർത്ഥങ്ങൾ വിതറുന്നതിനായി ഉപയോഗിക്കുന്ന സ്ഫോടനശേഷി കുറഞ്ഞ ബോംബുകളാണ് ‘ഡേർട്ടി ബോംബുകൾ’ (dirty bomb or radiological dispersal device – RDD). അണുപ്രസരമുള്ള പദാർത്ഥങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവയാണ് ഇത്തരം ബോംബുകളിൽ പൊതുവെ ഉപയോഗിക്കാറുള്ളത്. ഒരു പ്രദേശത്തെ ജനങ്ങളെ കൊല്ലുന്നതിനോ മുറിവേൽപ്പിക്കുന്നതിനോ അല്ലെങ്കിൽ ആ പ്രദേശത്തേക്കു ശത്രുക്കൾ വരാതിരിക്കാനോ ആണ് ഡേർട്ടി ബോംബുകൾ പ്രയോഗിക്കുക.

Image result for bomb blast dangerous

വലിയ ബോബുകളുടെ പ്രഹരശേഷി അളക്കുന്നതിനായി കിലോ ടൺസ് (kt) or മെഗാ ടൺസ് ഓഫ് ടി.എൻ.ടി. (Mt) ( kilotons (kt) or megatons of TNT (Mt) ) എന്ന ഏകകങ്ങൾ (Unit) ഉപയോഗിക്കുന്നു. ഇതുവരെ യുദ്ധരംഗത്തു പ്രയോഗിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രഹരശേഷിയുള്ളവയായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങൾക്കുമേൽ പ്രയോഗിച്ച ആറ്റം ബോബുകളായ ലിറ്റിൽ ബോയും ഫാറ്റ് മാനും. ഹിരോഷിമയിൽ വർഷിച്ച അണുബോംബിന്റെ കോഡ് നാമമാണ്‌ ലിറ്റിൽ ബോയ് (Little Boy), ആയുധമായി ഉപയോഗിക്കപ്പെട്ട ആദ്യത്തെ അണുബോംബായിരുന്നു ഇത്. ന്യൂക്ലിയർ ഫിഷന്‌ വിധേയമാക്കാവുന്ന മൂലകങ്ങളിൽ ഒന്നാണ്‌ യുറേനിയം. മറ്റ് മൂലകങ്ങൾ പ്ലൂട്ടോണിയം, നെപ്ട്യൂണിയം, അമരീഷ്യം, ക്യൂറിയം, കാലിഫോർണിയം എന്നിവയാണ്‌. യുറേനിയത്തിന്റെ ഐസോട്ടോപ്പുകളിൽ പ്രകൃതിൽ കൂടുതൽ കാണപ്പെടുന്ന U-238 ന്‌ ന്യൂട്രോണുകളെ ആഗിരണം ചെയ്ത് വിഘടിക്കാനുള്ള കഴിവ് കുറവാണ്‌. എന്നാൽ U-235 ഉം, ഒരു പരിധി വരെ U-233 ഉം ന്യൂക്ലിയർ ഫിഷന്‌ അനുയോജ്യമാണ്‌. ന്യൂക്ലിയർ റിയാക്റ്ററുകളിൽ ഈ അണുവിഘടന പ്രവർത്തനത്തിൽ നിന്നുണ്ടാകുന്ന താപം ഊർജ്ജോല്പ്പാദനത്തിനായി ഉപയോഗപ്പെടുത്തുന്നു. ഇത്തരത്തിൽ അണുബോംബുകളിലും ആണവ ചെയിൻ റിയാക്ഷൻ ഉപയോഗിച്ചുള്ള ഇതേ പ്രവർത്തനത്തിന്‌ യുറേനിയം ഉപയോഗപ്പെടുത്തുന്നു.

Image result for bomb blast dangerous

യുറാനിയം – 235 ന്റെ ന്യൂക്ലിയർ ഫിഷൻ വഴിയാണ്‌ ലിറ്റിൽ ബോയ് എന്ന ഈ ബോംബിൽ ഊർജ്ജം ഉത്പാദിപ്പിക്കപ്പെട്ടത്. ഇത് 64 കിലോഗ്രാം യുറേനിയം അടങ്ങിയതായിരുന്നു, ഇത് ഐൻസ്റ്റൈന്റെ സമവാക്യമനുസരിച്ച് ഊർജ്ജമാക്കി മാറ്റിയതിലൂടെ 13-18 കിലോടൺ TNT യുടെ സ്ഫോടകശേഷിയാണ്‌ ലഭിച്ചത്. 1,40,000 പേർ ഈ ബോംബ് സ്ഫോടനത്തിൽ തൽക്ഷണം കൊല്ലപ്പെട്ടു. ചെയിൻ റിയാക്ഷൻ എന്ന പ്രവർത്തനത്തിലൂടെയാണ് ഇതിലെ പിണ്ഡം ഊർജ്ജമാവുന്നത്. ആണവ ഇന്ധനത്തിൽ ന്യൂട്രോണുകൾ കടത്തിവിടുന്നു. അപ്പോൾ അവ ബന്ധനോർജം കൂടിയ മറ്റൊരു മൂലകമാകും. അപ്പോൾ അതിന്റെ മാസിന്റെ ചെറിയൊരുഭാഗം ഊർജ്ജമായിമാറുന്നു. ആ ഊർജ്ജമാണ് ഹിരോഷിമയിലെ
പതിനായിരങ്ങളുടെ മരണകാരണം. ആണവഇന്ധനം ഒരു പരിധിയിലധികം ഒന്നിച്ചുവച്ചാൽ അത് തനിയെ പൊട്ടിത്തെറിക്കും. അതിനാൽ ഇവ കഷണങ്ങളായാണ് കൊണ്ട് പോവുക. ശേഷം ഇവയെ സ്ഫോടന സമയത്ത് ഒന്നിപ്പിക്കുന്നു. എന്നാൽ അത് അതിവേഗത്തിൽ നടത്തേണ്ടതുണ്ട്, അത് സാധിക്കുന്നതിന് അണുബോംബിന്റെ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിക്കണം. അണുവിഘടനം മൂലം പ്രവർത്തിക്കുന്ന ബോംബുകളിൽ ആണവനിലയങ്ങളിൽ നിന്നും വ്യത്യസ്തമായി ചെയിൻ റിയാക്ഷൻ അനിയന്ത്രിതമായ രീതിയിലാണ്‌ നടക്കുന്നത്. അതായത് സെക്കന്റിന്റെ ഒരു ചെറിയ അംശം കൊണ്ട് വളരെയധികം അണുകേന്ദ്രങ്ങൾ വിഘടിക്കപ്പെടുന്നു. അങ്ങനെ ഒരു വലിയ പൊട്ടിത്തെറിയോടെ ഭീമമായ അളവിൽ താപം ഉല്പ്പാദിപ്പിക്കപ്പെടുന്നു.

Image result for bomb blast dangerous

നാഗസാക്കിയിൽ വർഷിച്ച അണുബോംബിന്റെ കോഡ് നാമമാണ് ഫാറ്റ് മാൻ. ആഗോള യുദ്ധചരിത്രത്തിൽ ഉപയോഗിക്കപ്പെട്ട രണ്ടാമത്തെയും അവസാനത്തെയും അണുബോംബും മനുഷ്യനിർമ്മിതമായ മൂന്നാമത്തെ അണുവിസ്ഫോടനവുമായിരുന്നു ഇത്. പ്ലൂട്ടോണിയം ഉൾക്കാമ്പ് ഉപയോഗിച്ചിരുന്ന ഇതിന് 21 കിലോടൺ TNT പ്രഹരശേഷിയുണ്ടായിരുന്നു. ഹിരോഷിമയിലും നാഗസാക്കിലുമായി മൊത്തത്തിൽ രണ്ടര ലക്ഷത്തോളം പൊതുജനങ്ങളാണ് ഈ ബോംബ് സ്ഫോടനത്തിൽ തൽക്ഷണം മരണത്തിനിരയായത്. 3,90,000 മുതൽ 5,14,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു. പക്ഷെ ഇതിനേക്കാൾ നശീകരണശേഷിയുള്ളവയാണ്‌ അണുസം‌യോജനം (Nuclear fusion) അടിസ്ഥാനമാക്കിയുള്ള തെർമോന്യൂക്ലിയർ ആയുധങ്ങൾ എന്നറിയപ്പെടുന്ന ഹൈഡ്രജൻ ബോബുകൾ. എന്നാൽ ഇത്തരം ആയുധങ്ങളിലും അണുസം‌യോജനം (Nuclear fusion) ആരംഭിക്കുന്നതിനാവശ്യമായ ഉയർന്ന താപം ഉണ്ടാക്കുന്നത് ഒരു അണുവിഘടന (Nuclear fission) പ്രവർത്തനത്തിലൂടെയാണ്‌.

Image result for bomb blast dangerous

ആണവായുധങ്ങൾ (Nuclear weapons) സ്വായത്തമാക്കിയ രാജ്യങ്ങളുടെ പട്ടിക “ന്യൂക്ലിയാർ ക്ലബ്” എന്നാണ് അറിയപ്പെടുന്നത്. നിലവിൽ എട്ടു രാജ്യങ്ങൾ വിജയകരമായി അണുവായുധങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. ഇതിൽ അഞ്ചു രാജ്യങ്ങൾ അണുവായുധ രാഷ്ട്രങ്ങളെന്ന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട അണുവായുധ നിർവ്യാപന കരാർ (Nuclear Non-Proliferation Treaty – NPT) വഴിയായി അറിയപ്പെടുന്നു. ഈ രാജ്യങ്ങളെ അവയുടെ പ്രസ്തുത ശേഷി കൈവരിച്ച സമയക്രമത്തിൽ പറയുകയാണെങ്കിൽ USA, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ചൈന എന്നിവരാണ്. അണുവായുധ നിർവ്യാപന കരാർ രൂപപ്പെടുത്തിയ ശേഷമാണ് അതിൽ ഒപ്പുവെക്കാത്ത മൂന്ന് രാ‍ഷ്ട്രങ്ങളായ ഇന്ത്യ, പാകിസ്താൻ, ഉത്തര കൊറിയ എന്നിവർ അണുവായുധ പരീക്ഷണങ്ങൾ നടത്തിയത്. ഇസ്രായേലിനും അണുവായുധങ്ങളുള്ളതായി വ്യാപകമായി വിശ്വസിച്ചു പോരുന്നു. എന്നാൽ ഇസ്രായേൽ പ്രസ്തുത ആരോപണത്തെ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. ഈ രാജ്യങ്ങളൊക്കെത്തന്നെ അണുവായുധ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കാത്തതിനാൽ ഇവരുടെ അണുവായുധ ശേഷി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ഇറാന് അണുവായുധ വികസന പദ്ധതി ഉള്ളതായി അമേരിക്ക ആരോപിക്കുന്നു, എന്നാൽ ഇറാൻ പ്രസ്തുത ആരോപണം നിരാകരിക്കുന്നുമുണ്ട്.