ബെംഗളൂരു കെ.ആര്‍ മാര്‍ക്കറ്റ്: നിണമണിഞ്ഞ ബൂട്ടുകളുടെ കഥ പറയുന്ന പൂക്കച്ചവട കേന്ദ്രം

റോണി തോമസ്

ബെംഗളൂരു സന്ദര്‍ശിച്ച ഏതൊരു മലയാളിയോടും പരിചിതമായ ഒന്ന് രണ്ടു സ്ഥലങ്ങളെ കുറിച്ച് ചോദിച്ചാല്‍ ആദ്യം പറയുന്നത് നാട്ടില്‍ നിന്നും അവിടേയ്ക്ക് എത്തിച്ചേര്‍ന്ന രണ്ടു മൂന്നു പോയിന്റുകളെ കുറിച്ചാണ്. ഓര്‍ത്തെടുത്തു പറയാന്‍ പാകത്തിനുള്ള ചില കാഴ്ചകള്‍ ആ പ്രദേശം നമുക്ക് സമ്മാനിച്ചിട്ടുണ്ടാവും. ഉദാഹരണത്തിന് റയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന മജെസ്റ്റിക്, നാട്ടില്‍ നിന്നും ബസ്സില്‍ വന്നിറങ്ങുന്ന ‘മടി വാള’ അങ്ങനെയുള്ളത്. പിന്നെയുള്ളത് ചില ഉദ്യാനങ്ങളാണ്. ലാല്‍ ബാഗ് പോലുള്ളവ.

മടിവാളയില്‍ നിന്നും ബസ് നീങ്ങിയാല്‍ പിന്നെ എത്തിച്ചേരുന്നത് ‘കലാസിപ്പാളയ’ ബസ് സ്റ്റാന്റിലേക്കാണ്. പുലര്‍ച്ചെ വന്നിറങ്ങുന്ന യാത്രക്കാരെ സ്വാഗതം ചെയ്യാന്‍ സമീപമുള്ള കെ. ആര്‍ മാര്‍ക്കറ്റിലെ പൂക്കട വില്പനക്കാര്‍ ഒരുങ്ങി ഇരിപ്പുണ്ടാവും. കെ.ആര്‍ മാര്‍ക്കറ്റ് എന്ന് പറഞ്ഞാല്‍ ‘കൃഷ്ണ രാജ വൊഡയാര്‍ മാര്‍ക്കറ്റ്’. പുലര്‍ച്ചയോടെ മാര്‍ക്കറ്റിലെ വ്യാപാരം ഉണര്‍ന്ന്‍ കഴിഞ്ഞിരിക്കും. നിത്യോപയോഗ സാധനങ്ങളടക്കം ചെറുകിട വ്യാപാരശാലകളും പച്ചക്കറി വില്പനക്കാരുമാണ് ഏറെയും. പക്ഷെ സുഗന്ധം പരക്കുന്ന ആ തിരക്കേറിയ വീഥികള്‍ക്ക്‌ ‘നിണമണിഞ്ഞ ബൂട്ടുകളുടെ’ ഒരു ഭൂതകാല ചരിത്രമുണ്ടെന്ന കാര്യം അറിയാമോ…? ബസ്‌സ്റ്റേഷനും, ചന്തയും സ്ഥിതി ചെയ്യുന്ന സിറ്റിയ്ക്കുള്ളിലെ ആ പ്രദേശമാണ് മൂന്നാം ആഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ പ്രധാന പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച മണ്ണ്‌.

 

ഇന്ന് ‘അവന്യൂ റോഡ്‌’ നിലനിൽക്കുന്ന സ്ഥലത്ത് നില നിന്നിരുന്ന ടിപ്പുവിന്റെ തന്ത്ര പ്രധാനമായ കോട്ട കീഴടക്കാന്‍ ബ്രിട്ടീഷ് സൈന്യം അണി നിരന്ന വിശാലമായ പ്രദേശം പ്രസിദ്ധമായ ‘കെ ആര്‍ മാര്‍ക്കറ്റായി’ പരിണമിക്കുന്നത് എപ്രകാരമായിക്കും ..? മൂന്നാം ആഗ്ലോ മൈസൂര്‍ യുദ്ധം പൊട്ടി പുറപ്പെട്ട സമയം , കൃത്യമായി പറഞ്ഞാല്‍ 1790 കളുടെ തുടക്കം, ടിപ്പുവിനെ നാലുഭാഗത്തും ശത്രുക്കള്‍ ആക്രമിച്ചു തുടങ്ങി. തെക്കേ ഇന്ത്യയിലെ നാട്ടു രാജാക്കന്മാര്‍ തെക്ക് നിന്നും, മറാട്ടികള്‍ വടക്ക് പടിഞ്ഞാറ് ഭാഗത്ത്‌ നിന്നും, ബ്രിട്ടീഷുകാരും നിസാമും കിഴക്കു നിന്നും അക്രമം അഴിച്ചു വിട്ടു …., തമിഴ് നാട്ടില്‍ നില നിന്ന കോട്ടകള്‍ കീഴടക്കി മുന്നേറിയ ബ്രിട്ടീഷ് സൈന്യം തൊട്ടടുത്ത വർഷം ബാംഗ്ലൂരിലേക്ക് ചുവടു വെച്ചു. ഹലസൂര്‍ എന്ന സ്ഥലത്തെ കോട്ടവാതില്‍ കീഴടക്കി നീങ്ങിയ സൈന്യത്തിനു ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു .(ബെംഗലൂരില്‍ ഇന്നൊരു കോർപ്പറേഷന്‍ കെട്ടിടം സ്ഥിതി ചെയ്യുന്നുണ്ട്. അതിനു എതിര്‍ വശമാണ് ഈ പറഞ്ഞ ഹലസൂര്‍ ഗേറ്റ് ).

മൈസൂര്‍ ഭരണത്തിന്‍റെ പ്രൌഡി വിളിച്ചോതുന്ന കോട്ട എങ്ങനെയും കീഴടക്കുക. ടിപ്പുവിന്റെ പ്രധാന ശക്തി കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അത്. ഈ ‘ശക്തി ദുര്‍ഗ്ഗം’ കാക്കുന്നതാകട്ടെ സുല്‍ത്താന്റെ വിശ്വസ്തന്‍ ബഹദൂര്‍ ഖാനും. രണ്ടായിരത്തോളം വരുന്ന സേനയുമായി അദ്ദേഹം ക്യാപ്റ്റന്‍ കോണ്‍വാലിസ് നയിക്കുന്ന ബ്രിട്ടീഷ് പട്ടാളത്തെ എതിരിടാന്‍ ഒരുങ്ങി. തോക്കുകളും, പീരങ്കികളും ഗര്‍ജ്ജിക്കുന്ന പോരാട്ടം കനത്തു. ആക്രമണങ്ങളെ അതെ നാണയത്തില്‍ തിരിച്ചടിച്ച മൈസൂര്‍ സൈന്യം ശക്തമായ പ്രതിരോധം തന്നെയാണ് തീര്‍ത്തത്. 15 ദിവസങ്ങളോളം യുദ്ധം നീണ്ടു. ഒടുവില്‍ പിന്തിരിഞ്ഞ ഇംഗ്ലീഷുകാര്‍ കോട്ടയ്ക്ക് സമീപമുള്ള സ്ഥലത്ത് തമ്പടിച്ചു. ഒടുവില്‍ കോണ്‍ വാലിസ് ഒരു ഉപായം കണ്ടെത്തി.

യുദ്ധ നിയമങ്ങള്‍ എല്ലാം തെറ്റിച്ചു കൊണ്ടൊരു കടന്നാക്രമണം ..അതും അര്‍ദ്ധ രാത്രിയില്‍ ..! കോട്ടയ്ക്കുള്ളില്‍ ബഹദൂറിന്റെ സൈന്യം വിശ്രമിക്കുന്ന സമയം നോക്കി അവര്‍ ആഞ്ഞടിച്ചു. അപ്രതീക്ഷിത ആക്രമണത്തില്‍ പതറിയ അദ്ദേഹം മരണം വരെ പോരാടി, വീര മൃത്യു വരിച്ചു. 1791 മാര്‍ച്ച് 20 നു ബ്രിട്ടീഷുകാര്‍ കോട്ട കീഴടക്കി. കാലക്രമേണ ബ്രിട്ടീഷ് അധീനതയിലേക്ക് നീങ്ങിയ നാളുകളില്‍ അന്നത്തെ യുദ്ധക്കളം ശാന്തതയിലേക്ക് നീങ്ങി. എങ്കിലും ഒരു പൊതു സ്ഥലമായി രൂപാന്തരം പ്രാപിച്ചിരുന്നില്ല. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ തദ്ദേശ വാസികള്‍ ചിലര്‍ അവിടെയ്ക്ക് എത്തുവാന്‍ ആരംഭിച്ചു …! ‘സിദ്ധിഗട്ടെ ‘എന്നായിരുന്നു അക്കാലത്ത് അവിടം അറിയപ്പെട്ടിരുന്നത്.

ചെറു കിട വ്യാപാരികളും , താരതമ്യേന പച്ചക്കറി വില്‍പ്പനക്കാരും മറ്റും അവിടെ തുടര്‍ന്ന്‍ കച്ചവടം ആരംഭിച്ചു. ശേഷം ചെറിയൊരു മാര്‍ക്കറ്റിന്റെ രൂപത്തിലേക്ക് നീങ്ങാന്‍ അധിക കാലം വേണ്ടി വന്നില്ല .. 1921 ലാണ് മൈസൂര്‍ രാജാവ് കൃഷ്ണ രാജ വോഡയാറിന്റെ നാമത്തില്‍ ഒരു പുതിയ വ്യാപാര മേഖല അവിടെ പണി കഴിപ്പിക്കുന്നത്. തുടര്‍ന്നത് K. R മാര്‍ക്കറ്റ് എന്ന പേരില്‍ അറിയപ്പെടാന്‍ ആരംഭിച്ചു. 1870 -ല്‍ പേരറിയാത്ത ഒരു ചിത്രകാരന്‍ പകര്‍ത്തിയ , കെ. ആര്‍ മാര്‍ക്കറ്റിന്റെ ഒരു ചിത്രം ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ പുരാതന ഇന്ത്യയുടെ ചിത്രങ്ങള്‍ അടങ്ങിയ വിഭാഗത്തില്‍ ഇന്നും സ്ഥാനം പിടിച്ചിട്ടുണ്ട്. ആദ്യ കാലത്ത് ടിപ്പുവിന്റെ കോട്ട മതിലിന്റെ പല ഭാഗങ്ങളും ഇന്നത്തെ മാര്‍ക്കറ്റ് പരിസരങ്ങളില്‍ ദൃശ്യമായിരുന്നു. എന്നാല്‍ 1891ല്‍ നഗര വികസനത്തിന് തുടക്കമിട്ട നാളുകളില്‍ പലതും ക്രമേണ അപ്രത്യക്ഷമായി.

ഇവിടെ നിന്നും അവന്യൂ റോഡിലെ കോട്ട നിലനിന്ന സ്ഥലത്തേയ്ക്ക് ഒരു തുരങ്കവും ഉണ്ടായിരുന്നു. അന്നത്തെ അന്തരീക്ഷം സൂചിപ്പിക്കുന്ന ചില പെയിന്റിംഗുകളും ഇന്ന് ലണ്ടനിലെ മ്യൂസിയത്തില്‍ ലഭ്യമാണ്. ബി. എം. ടി. സി ബസുകളുടെ തിരക്കും , പൂ കച്ചവടവുമൊക്കെയായി പൊടി പൊടിക്കുന്ന കെ. ആര്‍ മാര്‍ക്കറ്റില്‍ എപ്പോഴെങ്കിലും സന്ദര്‍ശനം നടത്തിയാല്‍ ഇതൊക്കെയൊന്നു ഓര്‍മ്മയിലിരിക്കട്ടെ ..!