ബുലന്ദ്ഷഹറിലെ ഇന്‍സ്‌പെക്ടറെ വധിച്ച കേസില്‍ മുഖ്യ പ്രതി പിടിയില്‍

ലഖ്‌നൗ: ബുലന്ദ്ഷഹറിലുണ്ടായ കലാപത്തിനിടെ ഇന്‍സ്‌പെക്ടറെ വധിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ബജ്രംഗ്ദള്‍ നേതാവ് യോഗേഷ് രാജ് എന്നയാളാണ് പൊലീസ് പിടിയിലായത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കലാപത്തിനിടെ കൊല്ലപ്പെട്ടതിന് പിന്നാലെ വധത്തിന് പിന്നില്‍ ബംജ്‌റംഗ്ദളിന്റെ ഗൂഢാലോചനയോ എന്ന് സംശയമുയര്‍ന്നിരുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസമായി ഇയാളെ ചോദ്യം ചെയ്ത് വരികയായിരുന്നു. ഇയാള്‍ ബജ്രംഗ്ദളിന്റെ ജില്ലാ നേതൃത്വത്തിലുള്ളയാളാണ്.

എന്‍ഡിടിവിയടക്കമുള്ള ദേശീയമാധ്യമങ്ങള്‍ ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ആസൂത്രിത നീക്കം നടന്നിട്ടുണ്ടെന്നാണ് ആദ്യം മുതല്‍ പറഞ്ഞിരുന്നത്. പവിന്റെ ജഡം കണ്ടെത്തിയതിന് തുടര്‍ന്നുണ്ടായ കലാപത്തില്‍ 400 പേരോളം വരുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോയതായിരുന്നു പൊലീസ് ഇന്‍സ്പെക്ടറായ സുബോധ് കുമാര്‍ സിങ്. ആള്‍ക്കൂട്ടത്തെ നേരിടുന്നതിനിടെ കല്ലറുണ്ടാകുകയും അതിനിടയില്‍ വെടിയേറ്റാണ് സുബോധ് സിങ് കൊല്ലപ്പെടുന്നത്. 20കാരനായ പ്രദേശവാസിയും കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

കലാപം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ദേശീയതലത്തില്‍ ഉയര്‍ത്തിയതാടെ മോദി സര്‍ക്കാറിന് വീണ്ടും തിരിച്ചടിയായിട്ടുണ്ട്. ഒരു സത്യസദ്ധനായ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിട്ടും യാതൊരു പ്രതികരണവും നടത്താത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ദാദ്രിയിലെ അഖ് ലാഖ് വധം അന്വേഷിച്ച ഇന്‍സ്പെക്ടര്‍ സുബോധിനെ ലക്ഷ്യമിട്ടാണ് ഈ കലാപം ഉണ്ടായതെന്ന സംശയവും ബലപ്പെടുകയാണ്. എന്തുകൊണ്ട് മോദി ഭരണത്തിന്‍ കീഴില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു.

അതേസമയം, അക്രമം ആസൂത്രിതമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് തിങ്കളാഴ്ച നടന്ന സംഭവവികാസങ്ങളെന്ന് ദേശയ മാധ്യമങ്ങള്‍ റിപ്പോര്‍ ട്ട് ചെയ്തു. ബുലന്ദ്ഷഹറിന് 40 കിലോമീറ്റര്‍ ദൂരത്തുള്ള സ്യാന താലൂക്കിലെ മഹാവ് ഗ്രാമത്തിലെ കരിമ്ബുപാടത്താണ് കന്നുകാലി അവശിഷ്ടം കണ്ടെത്തിയത്. വയലുടമ ഉടന്‍ പൊലീസിനെ അറിയിക്കുകയും അവര്‍ എത്തുകയും ചെയ്തു. എന്നാല്‍, വൈകാതെതന്നെ ഗ്രാമത്തിനു പുറത്തുനിന്നും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.

വയലുടമ അറിയിച്ചാണ് എത്തിയതെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞതെങ്കിലും താന്‍ ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നാണ് അയാളുടെ വിശദീകരണം.പശുവിനെ അറുത്തെന്നു പറഞ്ഞാണ് ബജ്റംഗ് ദളുകാര്‍ പ്രശ്നമുണ്ടാക്കിയത്. എന്നാല്‍, അറവുകാര്‍ ഉപേക്ഷിക്കുന്നപോലുള്ള അവശിഷ്ടമല്ല വയലില്‍ കണ്ടെത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.