ബുലന്ദ്ഷഹര്‍ സംഘർഷത്തില്‍ ഗൂഢാലോചനയെന്ന്‌ ഡി.ജി.പി; അന്വേഷണസംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ സംഘർഷത്തില്‍ ഗൂഢാലോചനയുണ്ടെന്ന് യു.പി. ഡി.ജി.പി. പശുക്കളെ അറുത്തത് ആദ്യം അന്വേഷിക്കുമെന്ന് ഒ.പി.സിങ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദാദ്രിയില്‍ അഖ്‍ലാഖിനെ അടിച്ചുകൊന്ന കേസ് അന്വേഷിച്ചിരുന്ന സുബോധ് കുമാറിന്റെ കൊലയ്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനിടെ പശുവധ സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഗോരക്ഷകര്‍ നടത്തിയ അക്രമങ്ങളിലും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളിലും ദേശീയ മനുഷ്യവകാശ കമ്മിഷന്‍ യുപി പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബിജെപിയില്‍ നിന്ന് തന്നെ സമ്മര്‍ദം ശക്തമാകുകയാണ്. സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും ആദിത്യനാഥ് സംഘര്‍ഷപ്രദേശത്തെത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ ബന്ധുക്കള്‍ പ്രതിഷേധം കടുപ്പിക്കുകയാണ്.