ബുലന്ദ്ഷഹര്‍ സംഘര്‍ഷം: പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഗോരക്ഷകര്‍ നടത്തിയ അക്രമങ്ങളിലും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളിലും ദേശീയ മനുഷ്യവകാശ കമ്മിഷന്‍ യുപി പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബിജെപിയില്‍ നിന്ന് തന്നെ സമ്മര്‍ദം ശക്തമാകുകയാണ്. സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും ആദിത്യനാഥ് സംഘര്‍ഷപ്രദേശത്തെത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ ബന്ധുക്കള്‍ പ്രതിഷേധം കടുപ്പിക്കുകയാണ്.

പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് തിങ്കളാഴ്ച്ച ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങും സുമിത് കുമാറെന്ന യുവാവും കൊല്ലപ്പെട്ടത്. ദാദ്രിയില്‍ അഖ്‍ലാഖിനെ അടിച്ചുകൊലപ്പെടുത്തിയ കേസ് അന്വേഷിച്ചിരുന്ന സുബോധ് കുമാറിനെ സംഘര്‍ഷത്തിന്‍റെ മറവില്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ട്. പൊലീസിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സഹോദരി ആരോപിക്കുന്നത്.