ബുലന്ദ്ശഹറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവം; നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്

ബുലന്ദ്ശഹര്‍: ഗോവധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. തോക്കില്‍ നിന്നു വെടിയേല്‍ക്കുന്നതിനു മുന്‍പ് പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് കല്ലുകള്‍, വടികള്‍, കോടാലി എന്നിവ കൊണ്ട് അക്രമിക്കപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇതിനു പുറമെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ ജീപ്പ് കത്തിക്കാനും ശ്രമമുണ്ടായി.

സുബോധ് കുമാര്‍ വെടിയേറ്റു മരിച്ച സംഭവത്തിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു നിര്‍ണായക വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. ആറുമാസം മുന്‍പു വരെ ഡല്‍ഹിയില്‍ ഒല ടാക്സി ഡ്രൈവറായിരുന്ന പ്രശാന്ത് നട്ട് ആണ് കേസിലെ പ്രധാന പ്രതി. വ്യാഴാഴ്ച ഗ്രേറ്റര്‍ നോയ്ഡയില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. സുബോധ് കുമാറിനെ വെടിവച്ചതായി ഇയാള്‍ സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു. വനത്തിനു സമീപം പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ശമിപ്പിക്കുന്നതിനായാണു പൊലീസ് സംഘം ബുലന്ദ്ശഹറില്‍ എത്തുന്നത്. എന്നാല്‍ സുബോധ് കുമാറിനെതിരെ അവിടെയുണ്ടായിരുന്ന ആള്‍കൂട്ടം അക്രമം അഴിച്ചു വിടുകയായിരുന്നു. 400ന് അടുത്ത് വരുന്ന ആള്‍‌കൂട്ടം കല്ലുപയോഗിച്ചു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചപ്പോള്‍ കലുവ, കോടാലി ഉപയോഗിച്ച്‌ അക്രമിക്കുകയായിരുന്നു. വിരല്‍ മുറിഞ്ഞു പോയ ഉദ്യോഗസ്ഥന്റെ തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമികള്‍ ഇയാളെ അടുത്തുള്ള വയലിലേക്കു വലിച്ചിഴച്ചു. ശേഷം പ്രശാന്ത് നട്ട് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ സുബോധ് കുമാര്‍ സിങ്ങിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ അപ്പോഴും ക്രൂരത അവസാനിച്ചിരുന്നില്ല.

മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആള്‍ക്കൂട്ടം വടിയുപയോഗിച്ച്‌ ഇന്‍സ്പെക്ടറെ അടിക്കുന്നതു തുടര്‍ന്നു. സുബോധ് കുമാറിനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനായി ജീപ്പില്‍ കയറ്റിയെങ്കിലും വാഹനത്തിനു നേരെയും കല്ലേറുണ്ടായി. ഇതേ തുടര്‍ന്നു മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. ആള്‍ക്കൂട്ടം വാഹനത്തിനു തീ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം തിരികെയെത്തി സുബോധ് കുമാറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സുബോധ് കുമാറിന്റെ ഇടത്തേ പുരികത്തിന്റെ മുകളിലാണു വെടിയേറ്റതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതിനു പുറമേ കയ്യിലും കാലിലുമായി നിരവധി പരുക്കുകളും കണ്ടെത്തി. 27 പേരെ പ്രതികളാക്കിയാണു പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയതത്.