ബുലന്ത്ഷഹര്‍ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്‌തത്: ഒ.പി രാജ്ബര്‍

ലക്‌നൗ: ബുലന്ത്ഷഹര്‍ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഒ.പി രാജ്ബര്‍. ആര്‍.എസ്.എസ്, വി.എച്ച്‌.പി പ്രവര്‍ത്തകര്‍ക്കടക്കം ഇതില്‍ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ‘മുസ്‍ലിംകളുടെ വലിയ സമ്മേളനം നടക്കുന്ന ദിവസമാണ് ആക്രമണമുണ്ടായത്. സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന് ലക്ഷ്യത്തോടെയാണോയെന്നും സംശയമുണ്ട്. ഇതൊരു ആസൂത്രിത ഗൂഢാലോചനയാണ്. ആര്‍.എസ്.എസ്, വി.എച്ച്‌.പി, ബജ്റംഗ്‌ദള്‍ പ്രവവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍’-രാജ്ബര്‍ പറഞ്ഞു.

തിങ്കളാഴ്ചയാണ് ഗോവധം ആരോപിച്ചു നടന്ന പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ സിംഗും ഒരു യുവാവും കൊല്ലപ്പെട്ടത്. സംഘര്‍ഷം നിയന്ത്രിക്കാനായി വെടിവച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. ഇതിനിടെ പരുക്കേറ്റ സുബോധ് കുമാറിനെയും മറ്റൊരു പൊലീസുകാരനെയും ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് അക്രമികള്‍ പൊലീസ് വാന്‍ തടഞ്ഞ് സുബോധ് കുമാറിനെ വെടിവച്ച്‌ കൊലപ്പെടുത്തിയത്.