ബുരിദാന്റെ കഴുത

ഡോ. സുരേഷ്. സി. പിള്ള

ഫ്രഞ്ച് ചിന്തകൻ ആയ ശോൻ ബുരിദാൻ (Jean Buridan) പതിനാലാം നൂറ്റാണ്ടിൽ വിഭാവനം ചെയ്ത ഒരു കഥയാണ് പറയാൻ പോകുന്നത്.

ഒരേ സമയം കഠിനമായി ദാഹിക്കുകയും, അതേപോലെ തന്നെ വിശക്കുകയും ചെയ്ത കഴുത ചെന്നെത്തിയത് ഒരു കെട്ടു കച്ചി (ഉണങ്ങിയ പുല്ല്) യുടെയും, ഒരു തൊട്ടി വെള്ളത്തിന്റെയും തുല്യ മധ്യത്തിൽ ആണ്.

കഴുത ആകെ ആശയക്കുഴപ്പത്തിൽ ആയി.

നല്ല വിശപ്പും, നല്ല ദാഹവും. എങ്ങോട്ട് ആദ്യം പോകും?

ആദ്യം വെള്ളം കുടിക്കണോ അതോ, ആദ്യം കച്ചി തിന്നണോ?

ഇങ്ങനെ ആലോചിച്ചു നിന്ന കഴുത ദാഹിച്ചു, വിശന്നു, തളർന്നു വീണു മരിച്ചു എന്നാണ് കഥ.

നമ്മളും പലപ്പോളും ഇതേപോലെയുള്ള അവസ്ഥകളിൽ പെട്ടു പോയിട്ടുണ്ടാവും?

എന്താണ് ആദ്യം ചെയ്യുക, എവിടെയാണ് ആദ്യം തുടങ്ങുക?

ഇങ്ങനെ ആലോചിച്ച്, ആലോചിച്ച് ദിവസത്തിന്റെ നല്ലൊരു ഭാഗം പലപ്പോളും തീർന്നു പോകും. ഇല്ലേ?

ദിവസം തീരുമ്പോളേക്കും ആലോചനകൾ മാത്രമേ നടന്നുള്ളൂ, ജോലി ഒന്നും നടന്നില്ല എന്ന അവസ്ഥ വരും.

അപ്പോൾ എങ്ങിനെയാണ് കാര്യക്ഷമമായി ഒരു ദിവസം തള്ളിനീക്കുക?

1. ജോലിയിൽ നിന്നും വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് കണ്ടു പിടിക്കുക ആണ് ആദ്യം ചെയ്യേണ്ടത്.

പലർക്കും പലതായിരിക്കും ജോലിയിൽ നിന്നും വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾ.

ഇന്നത്തെ കാലഘട്ടത്തിൽ പലർക്കും അത് മൊബൈൽ ഫോൺ ആയിരിക്കും.

ഞാൻ സാധാരണ ചെയ്യാറുള്ളത് ഓഫീസ് തുറന്നാൽ മൊബൈൽ ഫോൺ സൈലന്റ് ആക്കിയിട്ട് കൈയ്യെത്തും ദൂരെ നിന്നും മാറ്റി വയ്ക്കുക എന്നതാണ്.

കൃത്യമായ ഇടവേളകളിൽ മാത്രമേ മൊബൈൽ ഫോൺ എടുക്കൂ.

അപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും, അപ്രതീക്ഷിതമായ ഫോൺ വിളികളിൽ നിന്നും രക്ഷപെടാം. ഓഫീസിൽ ആവശ്യങ്ങൾക്ക് ലാൻഡ് ലൈനിലേക്കെ വിളി വരൂ.

അല്ലെങ്കിൽ ആവശ്യങ്ങൾ ഇമെയിൽ ആയി വരും. ഓരോ മണിക്കൂർ കൂടുമ്പോൾ മൊബൈൽ ഫോണിൽ അത്യാവശ്യ ഫോൺ കോളുകൾ ഉണ്ടോ എന്ന് നോക്കും. ഓഫീസ് കംപ്യൂട്ടറിൽ ഒരു കാരണവശാലും ഫേസ്ബുക്ക് ഓപ്പൺ ചെയ്യരുത്.

2. ‘ടു ഡൂ ലിസ്റ്റ്’: ഓരോ ദിവസവും ഒരു പുതു തുടക്കം ആയി കാണുക. അന്നന്നു ചെയ്യാനുള്ള കാര്യങ്ങൾ എല്ലാം എഴുതി വയ്ക്കുക.

ഇതിന് ‘ടു ഡൂ ലിസ്റ്റ്’ എന്ന് പറയും.

അന്ന് ചെയ്തു തീർക്കുവാനുള്ള മനസ്സിൽ വരുന്ന കാര്യങ്ങൾ ഓരോന്നായി എഴുതുക (നിങ്ങൾ കംപ്യൂട്ടറിൽ ഔട്ലൂക്ക് ഉപയോഗിക്കുന്നുവങ്കിൽ സംഗതി എളുപ്പമാണ്.

അല്ലെങ്കിൽ പേപ്പറിൽ എഴുതാം).

മുഴുവൻ എഴുതിയിട്ട് ലിസ്റ്റിൽക്കൂടി ഒന്നുകൂടി പോയി എന്തെങ്കിലും വിട്ടു പോയിട്ടുണ്ടോ എന്ന് നോക്കുക.

ഉണ്ടെങ്കിൽ അത് ചേർക്കുക. ഇനിയാണ് പ്രധാനപ്പെട്ട കാര്യം. ഓരോ ജോലികൾ ആയി അതിന്റെ പ്രാധാന്യവും, അത്യാവശ്യവും അനുസരിച്ചു താഴേക്ക് അടയാളപ്പെടുത്തുക.

3. എവിടെ തുടങ്ങും?

ലിസ്റ്റ് ഒക്കെ നോക്കിയിട്ട് അതിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും പത്തു പതിനഞ്ചു മിനിറ്റിൽ തീരുന്നതുമായ ഒരു ജോലി തിരഞ്ഞെടുക്കുക. ഇതു വളരെ പ്രധാനമാണ്. പലർക്കും ഒരു ‘സ്റ്റാർട്ടിങ് ട്രബിൾ’ ഉണ്ടാവും.

ഇങ്ങനെ ചെയ്താൽ അത് നീങ്ങി കിട്ടും. ഈ ജോലി തീരുമ്പോൾ അത് ലിസ്റ്റിൽ നിന്നും മാറ്റാം. ഇതിനു ശേഷം പ്രാധാന്യവും, അത്യാവശ്യവും അനുസരിച്ചു ഓരോ ജോലികൾ ആയി ചെയ്യുക.

ഓരോ ജോലി കഴിയുമ്പോളും അത് ലിസ്റ്റിൽ നിന്നും മാറ്റാം.

ഉച്ച ആകുമ്പോൾ ഒന്ന് റിവ്യൂ ചെയ്യാം ഉദ്ദേശിച്ച എത്ര ജോലികൾ ചെയ്തു എന്ന്.

4. ബ്രേക്ക് എടുക്കുക: ഓരോ മണിക്കൂറിലും ചെറിയ ബ്രേക്ക് (5 മിനിറ്റ്) എടുക്കുക. ടോയ്ലറ്റിൽ പോകാനോ, കോഫി കുടിക്കാനോ, സുഹൃത്തിനോട് സംസാരിക്കാനോ ഒക്കെ എടുക്കാം. ഈ സമയത്ത് വേണമെങ്കിൽ സോഷ്യൽ മീഡിയ പെട്ടെന്ന് നോക്കാം. കൃത്യമായ സമയത്ത് സീറ്റിൽ തിരിച്ചെത്തണം.

5. എന്താണ് നമ്മുടെ പ്രധാന ജോലി?

എന്തിനാണ് നമ്മുടെ തൊഴിൽ ദാതാവ് (employer) നമ്മളെ നിയമിച്ചിരിക്കുന്നത് എന്ന് ഓർക്കുന്നത് ജോലിയുടെ കാര്യക്ഷമത കൂട്ടും. ഇടയ്ക്കിടെ നമ്മൾ നമ്മളെ തന്നെ ഇത് ഓർമ്മിപ്പിച്ചു കൊണ്ടിരിക്കണം. (നാട്ടിൽ ജോലി ചെയ്തിരുന്ന സമയത്ത്, ജോലി സമയത്ത് മകളുടെ പ്രോജക്ട് വർക്ക് ചെയ്ത ഒരു സഹ പ്രവർത്തകനെ ഓർമ്മ വരുന്നു).

6 . കഠിനമായി അല്ല; സമർത്ഥമായി ജോലി ചെയ്യുക (Working Smarter, Not Harder).

ഓരോ ജോലി ചെയ്യുന്നതിനു മുൻപും ആലോചിക്കുക, ഇതാണോ ഏറ്റവും കാര്യക്ഷമായി ചെയ്യാനുള്ള മാർഗ്ഗം എന്ന്.

നിങ്ങൾക്ക് കിട്ടിയ ആത്യന്തികഫലം (result) ആണ് ചെയ്ത ജോലിയുടെ അളവുകോൽ, എത്ര സമയം എടുത്തു അല്ലെങ്കിൽ എത്ര കഠിനമായി ചെയ്തു എന്നുള്ളതല്ല. ഉദാഹരണത്തിന് ചെറുപ്പത്തിൽ ‘അമ്മ കറുകച്ചാലിലെ വീട്ടിൽ തലേന്നു വച്ച ഉണങ്ങിയ ചോറു കലം ചകിരിയും, ചാരവും ഒക്കെയിട്ട് വളരെ സമയം എടുത്ത് തേച്ചു തേച്ചു കഴുകുന്നത് കണ്ടിട്ടുണ്ട്. ഈ പാത്രം കഴുകൽ എന്ത് പ്രയാസം ആണ് എന്ന് അന്നൊക്കെ തോന്നുമായിരുന്നു. വൈകുന്നേരം കുറച്ചു വെള്ളം നനച്ചു വച്ചിരുന്നെങ്കിൽ അമ്മയുടെ ജോലി പതിൻമടങ്ങു കുറയ്ക്കാമായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.

7 . സുഹൃത്തുക്കളുമായി സംസാരിക്കുക, സന്തോഷത്തോടെ പെരുമാറുക, തമാശകൾ പറയുക, ഒരുമിച്ചു കോഫീ, ലഞ്ച് ഇവയ്ക്ക് പോകുക എന്നിവ ജോലിയിലെ ടെൻഷൻ ഒരു പരിധി വരെ കുറയ്ക്കും.

8 . NO പറയേണ്ട സ്ഥലങ്ങളിൽ NO പറയാൻ പഠിക്കണം. ഉദാഹരണത്തിന് അത്യാവശ്യ ജോലി ചെയ്യുമ്പോൾ കോഫീ കുടിക്കാൻ സുഹൃത്തു വിളിച്ചാൽ, സോറി, ഇപ്പോൾ തിരക്കിൽ ആണ്. പിന്നീടാവാം എന്ന് പറയാം.

9 . ചില ജോലികൾ മറ്റുള്ളവരെ ചുമതല ഏൽപ്പിക്കാൻ (delegate) മറക്കാതെ ഇരിക്കുക. ഉദാഹരണത്തിന് ജോലി തിരക്കാണെങ്കിൽ വൈകുന്നേരം കുട്ടിയെ പിയാനോ ക്ലാസ്സിന് കൊണ്ടു പോകാൻ ബന്ധുവിനെയോ, സുഹൃത്തിനെയോ ഏൽപ്പിക്കാം. അവർക്ക് ആവശ്യം വരുമ്പോൾ ഇത് തിരികെ ചെയ്യാനും മറക്കാതെ ഇരിക്കുക.

10. വൈകുന്നേരം ജോലി തീരുമ്പോൾ, ഒരു അഞ്ചു മിനുട്ട് റിവ്യൂ ചെയ്യുക. നിങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം ചെയ്തോ എന്ന് വില ഇരുത്തുക. എവിടെയാണ് തിരുത്തലുകൾ വേണ്ടത് എന്ന് അപ്പോൾ മനസ്സിലാകും. അമേരിക്കൻ എഴുത്തുകാരി Ashley Ormon പറഞ്ഞ പോലെ “You can’t make up for lost time. You can only do better in the future.”

അപ്പോൾ ഇഷ്ടമുള്ള ജോലിയിൽ തുടങ്ങി ഓരോ ജോലിയും ക്രമമായി അതിന്റെ പ്രധാന്യത്തോടെ, സമർത്ഥമായി ചെയ്തു തീർത്താൽ എവിടെ തുടങ്ങണം എന്നറിയാതെ പട്ടിണി കിടന്നു മരിച്ച ബുരിദാന്റെ കഴുതയുടെ ഗതി നമ്മുടെ ജോലിയിൽ വരില്ല.