ബീഹാറില്‍ 2 ദിവസത്തിനിടെ മരിച്ചത് 36 കുട്ടികള്‍ ; മരണം മസ്തിഷ്‌ക വീക്കത്തെതുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

മുസാഫര്‍പുര്‍ : ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ മസ്തിഷ്‌കവീക്കം ബാധിച്ച് 2 ദിവസത്തിനിടെ 36 കുട്ടികള്‍ മരണപ്പെട്ടു.133 കുട്ടികള്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍.ഹൈപ്പോഗ്ളൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രതാതീതമായി കുറയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥ) മൂലമാണ് പല കുട്ടികളും മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിശദമായ പഠനം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

വേനല്‍ക്കാലത്ത് മുസാഫര്‍പുരിലും സമീപപ്രദേശങ്ങളിലും മസ്തിഷ്‌കവീക്കം പതിവാണ്. പതിനഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായും ബാധിക്കാറ്. കടുത്ത പനിയാണ് ആദ്യ ലക്ഷണം. തുടര്‍ന്ന് കുട്ടികള്‍ അബോധാവസ്ഥയിലാകും. കൊതുകുകളാണ് രോഗം പരത്തുന്നത്.

കടുത്ത വേനലും ഉയര്‍ന്ന ഈര്‍പ്പവുമാണ് മസ്തിഷ്‌ക വീക്കം പടരാനുളള ഏറ്റവും അനുകൂലമായ സാഹചര്യം. 2010 മുതല്‍ 398 കുട്ടികളാണ് മസ്തിഷ്‌ക വീക്കം ബാധിച്ച് മുസാഫര്‍പൂരില്‍ മാത്രം മരിച്ചത്.

സാഹചര്യങ്ങള്‍ ഗുരുതരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ബോധവല്‍ക്കരണം നടത്താനും ആരോഗ്യ വകുപ്പിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ബീഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.