ബീഹാറിലെ കടുത്ത ഉഷ്ണതരംഗം : ബീഹാറിൽ മരണസംഖ്യ 70 ആയി

പട്ന : ബീഹാറിലെ അസഹനീയമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 70 ആയി. ഗയ, നവാദ, ഔറംഗാബാദ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. അതെ സമയം പലയിടങ്ങളിലും ആളുകള്‍ക്ക് സൂര്യാഘാതമേല്‍ക്കുന്നത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുന്ന ചൂട് മൂലം ബീഹാറില്‍ മരണസംഖ്യ ഉയരുകയാണ്.

ഔറംഗാബാദില്‍ 30 പേര്‍ മരിച്ചു. ഗയയില്‍ ഇരുപതും നവാദയില്‍ പത്ത് പേരുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ. ജന്‍ഹാബാദിലും അര്‍വാളിലും നിരവധി പേരാണ് കടുത്ത ചൂടിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യമായ എല്ലാ മരുന്നുകളും നല്‍കിയിട്ടുണ്ടെന്ന് ഔറംഗാബാദ് , ഗയ കളക്ടര്‍മാര്‍ അറിയിച്ചു.ആശുപത്രിയിലുള്ള പലരുടെയും ആരോഗ്യസ്ഥിതി മോശമാണ്. അഞ്ച് ജില്ലകളില്‍ സിവില്‍ സര്‍ജന്‍മാരുടെയും പ്രത്യേക ഡോക്ടര്‍മാരുടെയും സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് റീജണല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. വിജയ് കുമാര്‍ വ്യക്തമാക്കി . ഉഷ്ണതരംഗം ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്കൂളുകളില്‍ വേനല്‍ക്കാല അവധി ജൂണ്‍ 19 വരെ നീട്ടുകയും ചെയ്തു.