ബി.ജെ.പി അനുകൂല ചാനലുകളെ ബഹിഷ്കരിക്കണം; പ്രതിപക്ഷകക്ഷികള്‍ക്ക് തേജ്വസി യാദവിന്റെ കത്ത്

ന്യൂ​ഡ​ല്‍​ഹി: ബി.ജെ.പി അനുകൂല ചാനലുകളെ ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ആര്‍.ജെ.ഡി നേതാവ് തേജ്വസി യാദവിന്റെ കത്ത്. തേജ്വസി യാദവിന്റെ പിതാവും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദും തേജ്വസിയുടെ ആഹ്വാനത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. മോദി മാധ്യമങ്ങളെ ബഹിഷ്ക്കരിക്കുക എന്നാണ് ലാലു പ്രസാദ് കത്തിനോട് പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്.

അതേ സമയം ബി.ജെ.പി തേജ്വസി യാദവിന്റെ ആഹ്വാനത്തോട് രൂക്ഷമായാണ് പ്രതികരിച്ചത്. മാധ്യമങ്ങളെ ഏറ്റവും ശക്തമായ രീതിയില്‍ ഉപയോഗിച്ച കോൺഗ്രസിന്റെ മടിയില്‍ ഇരുന്നാണ് തേജ്വസി യാദവ് ഇങ്ങനെ സംസാരിക്കുന്നതെന്നാണ് ബി.ജെ.പി പറയുന്നത്.

കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രി മമത ബാനര്‍ജി എന്നിവര്‍ക്കാണ് തേജ്വസി യാദവ് ട്വിറ്റര്‍ വഴി കത്ത് അയച്ചത്. എല്ലാം പ്രതിപക്ഷ കക്ഷികളെയും താഴ്ത്തിക്കെട്ടുന്ന രീതിയില്‍‌ എല്ലാ വൈകുന്നേരങ്ങളിലും പല പരിപാടികളും സംഘടിപ്പിക്കുന്നു. ബി.ജെ.പി അനുകൂല ചാനലുകളാണ് ഇങ്ങനെയെല്ലാം സംപ്രക്ഷണം ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന നഗ്നമായസത്യമാണ്’ തേജ്വസി യാദവ് കുറിച്ചു.