ബിസിസിഐ കരാര്‍: എ പ്ലസ് ഗ്രേഡ് വാര്‍ഷിക കരാറില്‍ ധോണിക്കും അശ്വിനും ഇടമില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ എ പ്ലസ് ഗ്രേഡ് വാര്‍ഷിക കരാറില്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കും സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ഇടമില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയടക്കം അഞ്ചുപേര്‍ ഏഴ് കോടി രൂപയുടെ വാര്‍ഷിക കരാറായ എ പ്ലസില്‍ ഇടം നേടി. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് മറ്റുതാരങ്ങള്‍. നേരത്തെ 2 കോടി രൂപയായിരുന്ന വാര്‍ഷിക കരാറാണ് ഇപ്പോള്‍ 7 കോടിയാക്കി ഉയര്‍ത്തിയിരിക്കുന്നത്.

പുതിയ കരാറില്‍ എറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചിരിക്കുന്നത് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖാര്‍ ധവാനാണ്. സി ഗ്രേഡില്‍ നിന്നാണ് ധവാന്‍ എ പ്ലസ് ഗ്രേഡിലേക്ക് ഉയര്‍ന്നത്. അഞ്ചു കോടിയുടെ വാര്‍ഷിക കരാറായ എ ഗ്രേഡ് കരാറിലാണ് ധോണിക്കും അശ്വിനും സ്ഥാനം. രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കും എ ഗ്രേഡിലാണ് സ്ഥാനം.2017 ഒക്ടോബര്‍ മുതല്‍ 2018 സെപ്റ്റംബര്‍ വരെയാണ് കരാര്‍ കാലാവധി.

ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ദിനേശ് കാര്‍ത്തിക്, ലോകേഷ് രാഹുല്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, ചാഹല്‍ എന്നിവര്‍ക്ക് മൂന്ന് കോടിയുടെ ബി ഗ്രേഡ് കരാറാണ് ലഭിച്ചത്. അതേസമയം മുഹമ്മദ് ഷമിക്ക് വാര്‍ഷിക കരാര്‍ ലഭിച്ചില്ല. വനിതകളില്‍ മിതാലി രാജ്, ജുലാന്‍ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍,
സ്മൃതി മന്ഥാന എന്നിവര്‍ക്ക് 50 ലക്ഷം രൂപയുടെ കരാറാണ് ലഭിച്ചത്.