ബിസിസിഐയുടെ സമ്മാനത്തുകയില്‍ വിവേചനം: വിമർശനവുമായി ദ്രാവിഡ്

മുംബൈ: അണ്ടര്‍-19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ സംഘത്തിന് നല്‍കിയ സമ്മാനത്തുകയില്‍
ബി.സി.സി.ഐ വിവേചനം കാണിച്ചെന്ന് ടീം പരിശീലകനും മുന്‍താരവുമായ രാഹുല്‍ ദ്രാവിഡ്. ദ്രാവിഡിന് 50 ലക്ഷവും കളിക്കാര്‍ക്ക് ഓരോരുത്തര്‍ക്കുമായി 30 ലക്ഷവും സപ്പോര്‍ട്ട് സ്റ്റാഫിന് 20 ലക്ഷം രൂപയുമാണ് ബി.സി.സി.ഐ സമ്മാനമായി പ്രഖ്യാപിച്ചത്.

എന്നാല്‍ തന്റെ സപ്പോര്‍ട്ട് സ്റ്റാഫിന് അനുവദിച്ച തുകയും തനിക്ക് അനുവദിച്ച തുകയും തമ്മിലെ വലിയ അന്തരം ദ്രാവിഡിനെ രോഷാകുലനാക്കിയെന്നാണ് റിപ്പോര്‍ട്ട്. തനിക്ക് കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടേണ്ട ആവശ്യമില്ലെന്നും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുമില്ലെങ്കില്‍ ഈ നേട്ടത്തിലെത്താനാകില്ലെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി. വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ അവര്‍ക്കാണ് ദ്രാവിഡ് സമര്‍പ്പിച്ചത്. ഇന്ത്യ ജൂനിയര്‍ ടീമിനെയും എ ടീമിനെയും പരിശീലിപ്പിക്കുന്നതിന് പ്രതിവര്‍ഷം നാലു കോടി രൂപയാണ് ബി.സി.സി.ഐ ദ്രാവിഡിന് പ്രതിഫലം നല്‍കുന്നത്.

മുംബൈയില്‍ ടീമിന് ഒരുക്കിയ സ്വീകരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സപ്പോര്‍ട്ട് സ്റ്റാഫിനെ ദ്രാവിഡ് അഭിനന്ദിച്ചിരുന്നു.