ബിഷപ്പിനെതിരായ പീഡനക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ ദുരൂഹതയെന്ന് ആരോപണം

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനെതിരെ കന്യാ സ്ത്രീകളും സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കോണ്‍സിലും രംഗത്ത്. കേസിന്റെ വിചാരണ അടക്കം ബാധിക്കുമെന്നാണ് സമരസമിതിയുടെ ആശങ്ക.

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ പീഡന കേസിന്റെ വിചാരണ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയില്‍ നിന്ന് മാറ്റിയത്. തൊടുപുഴ വിജിലന്‍സിലേക്കാണ് സ്ഥലം മാറ്റം. എസ്പിയേയും ഡിവൈഎസ്പിയേയും ഒരുമിച്ചു മാറുന്നതില്‍ ആശങ്ക ഉണ്ടെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ഉന്നത ഇടപെടലിന്റെ ഭാഗമാണെന്നാണ് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്. ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസ് ദുര്‍ബലം ആക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും എസ് ഒ എസ് ആരോപിക്കുന്നു.