ബിപ്ലബ് ദേബിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തിരുത്തിയത് ; ന്യായീകരിച്ച്‌ കെ സുരേന്ദ്രന്‍

കോഴിക്കോട്: സിവിൽ എന്‍ജിനിയറിംഗ് കഴിഞ്ഞവരാണ് സിവിൽ സര്‍വീസിന് അപേക്ഷിക്കേണ്ടതെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന്‍റെ അബദ്ധ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ബിപ്ലവ് കുമാറിന്‍റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്ന് സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം

സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ചു തലസ്ഥാനമായ അഗർത്തലയിൽ നടന്ന ചടങ്ങിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് പറഞ്ഞു.
”നേരത്തെ ആർട്ട് സ്ട്രീമിലെ ആളുകൾ ആരുന്നു സിവിൽ സർവീസിലേക്ക് കൂടുതല്‍ വന്നിരുന്നത്. ഇക്കാലത്ത് ഡോക്ടർമാരും എഞ്ചിനിയർമാരുമാണ് സിവിൽ സർവീസിലേക്ക് കൂടുതൽ വരുന്നത്.”
അത് കഴിഞ്ഞു തമാശ ചേർത്ത് ഒരു കാര്യം കൂടി പറഞ്ഞു.
”മെക്കാനിക്കൽ എഞ്ചിനിയർമാർ അത് കഴിഞ്ഞു സിവിൽ സർവീസ് തിരഞ്ഞെടുക്കുന്നത് ശരിയല്ല. എന്നാൽ സിവിൽ എഞ്ചിനീയർമാർക്ക് ആവാം.
അവർക്കു ബിൽഡിങ് കെട്ടി പരിചയമുണ്ട്.
സൊസൈറ്റി ബിൽഡ് അപ്പ് ചെയ്യാൻ അവരുടെ ഈ പരിചയം ഉപകരിക്കും”
അതെങ്ങിനെ എന്നും കൂടി ഉണ്ട്..
”സിവിൽ എഞ്ചിനീയർ ഒരു കെട്ടിടം ഉണ്ടാക്കുന്ന പോലെയാണ് അഡ്മിനിസ്ട്രേഷനിലുള്ളവർ സമാജത്തെ നിർമ്മിയ്ക്കുന്നത്.
പ്ലാനിങ്ങ്, പ്രൊജക്ട് മാനേജ്മെന്റ്, ടൗൺ, നഗര പ്ലാനിങ്ങ്, പൊതുമരാമത്ത് തുടങ്ങി അഡ്മിനിസ്ട്രേഷന്റെ വലിയ ഒരു ഭാഗം സിവിൽ എഞ്ചിനീയറിങ്ങിന്റെ സൃഷ്ടി തന്നെയാണ്.
ആ പരിചയം സമാജത്തെ നല്ല രീതിയിൽ നിർമ്മിക്കാൻ ഒരാളെ സഹായിക്കും..”
ഈ പറഞ്ഞത് നമ്മുടെ വിപ്ളവ മാധ്യമങ്ങൾ ഇങ്ങനെ തിരുത്തി.
”സിവിൽ സർവീസ് എടുക്കേണ്ടത് സിവിൽ എഞ്ചിനീയർമാരാണ്, അല്ലാതെ മെക്കാനിക്കൽ എഞ്ചിനീയർമാരല്ല” എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞെന്നു.ത്രിപുരയിലെ ഭരണമാറ്റത്തിൽ കമ്മികൾക്കും കൊങ്ങികൾക്കും ചൊറിയുന്നത് മനസ്സിലാക്കാം. എന്നാൽ തോളിൽ കേറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം. അല്ലെങ്കിലും ഇത്തരം മഹാൻമാർ കരുതുന്നത് കോഴി കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നതെന്ന്.