ബിനോയ് കോടിയേരിയെ പാർട്ടി സംരക്ഷിക്കില്ല , പ്രത്യാഘാതം വ്യക്തിപരമായി നേരിടണമെന്ന് വൃന്ദാ കാരാട്ട്

തിരുവനന്തപുരം : ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിയെ പാർട്ടി സംരക്ഷിക്കില്ലെന്ന് വൃന്ദാ കാരാട്ട് . കേസ് വ്യക്തിപരമാണെന്നും , പ്രത്യാഘാതം വ്യക്തിപരമായി നേരിടണമെന്നും വൃന്ദാ കാരാട്ട് പറഞ്ഞു .

ആരോപണത്തെ കുറിച്ച് പരിശോധിക്കുമെന്നും എന്നാൽ കേസിൽ പാർട്ടി ഇടപെടില്ലെന്നുമാണ് സിപിഎമ്മിന്റെ നേതൃത്വം വ്യക്തമാക്കിയിരുന്നു . അതേസമയം ബിനോയ് കോടിയേരിയ്ക്കെതിരെയുള്ള പരാതിയിൽ താൻ ഉറച്ച് നിൽക്കുന്നുവെന്നും , ബന്ധത്തിനു കൂടുതൽ തെളിവുകളുണ്ടെന്നും ബിനോയ് നൽകിയ പരാതിയെ നേരിടുമെന്നും യുവതി പറഞ്ഞിരുന്നു .

2009 മുതല്‍ 2018 വരെയുള്ള കാലത്ത് തന്നെ പല തവണ ബിനോയ് കോടിയേരി പീഡിപ്പിച്ചെന്നും തന്നെ വിവാഹം ചെയ്യാമെന്ന് വാക്ക് തന്നിരുന്നെന്നുമാണ് യുവതിയുടെ പരാതി. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബീഹാര്‍ സ്വദേശിനിക്ക് എട്ട് വയസുള്ള കുട്ടിയുമുണ്ട്. ഡാന്‍സ് ബാറിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയ് ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മാത്രമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും മനസിലാക്കിയതെന്നും പരാതിയില്‍ പറയുന്നു.