ബിഡിജെഎസിനെക്കുറിച്ച് അഭിപ്രായം പറയില്ലെന്ന വെള്ളാപ്പള്ളിയുടെ നിലപാട് എസ്എന്‍ഡിപിയുടേത്‌: തുഷാര്‍ വെള്ളാപ്പള്ളി

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ബിഡിജെഎസിന്റെ കാര്യത്തില്‍ അഭിപ്രായം പറയില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് എസ്എന്‍ഡിപിയുടെ നിലപാടായി കരുതുന്നുവെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസിന്റെ നിലപാട് പ്രഖ്യാപിക്കുക പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ താനാണെന്നും തുഷാര്‍ 24 കേരളയോട് പറഞ്ഞു.

ബിഡിജെഎസിന്റെ കാര്യത്തില്‍ താന്‍ അഭിപ്രായം പറയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ 24 കേരളയോട് പറഞ്ഞിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.
‘ഞാന്‍ എന്തിന് ബിഡിജെഎസിനെക്കുറിച്ച് അഭിപ്രായം പറയണം. സുഭാഷ് വാസുവിനെ പോലുള്ള നേതാക്കള്‍ ഉള്ള പാര്‍ട്ടിയാണ് ബിഡിജെഎസ്. ആ സുഭാഷ് ബാബു പറയും, ബിഡിജെഎസ് ബിജെപി വിടുമോ ഇല്ലയോ എന്ന് ‘ –  ഇതായിരുന്നു ഇന്നലെ വെള്ളാപ്പള്ളി പറഞ്ഞത്.

ബിഡിജെഎസ് ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറിയ ശേഷം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി അങ്ങിനെ ബിഡിജെഎസ് കാര്യങ്ങളില്‍ ഇടപെടാറില്ല. നിലവില്‍ വെള്ളാപ്പള്ളി നടേശന് ബിഡിജെഎസുമായി ഒരു അസ്വാരസ്യവുമില്ല – തുഷാര്‍ പറഞ്ഞു.

ചെങ്ങന്നൂരില്‍ ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്നും അടര്‍ന്നു മാറി മത്സരിക്കുമോ എന്ന ചോദ്യത്തിനു നാളെ കണിച്ചുകുളങ്ങരയില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍
യോഗത്തിനു ശേഷം മാത്രമേ ഈ കാര്യത്തില്‍ പ്രതികരിക്കാന്‍ കഴിയൂ എന്നും തുഷാര്‍ പറഞ്ഞു.

ചെങ്ങന്നൂരില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ആലപ്പുഴ ജില്ലാ ബിഡിജെഎസ് നേതൃത്വത്തിന്‌ ഒറ്റയ്ക്ക് തീരുമാനിക്കാന്‍ കഴിയില്ല. അത് പാര്‍ട്ടി സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമെ തീരുമാനിക്കൂ. അത് മാത്രമല്ല എന്‍ഡിഎ സഖ്യം വിടുന്ന കാര്യത്തില്‍ ബിഡിജെഎസ് ഒരു തീരുമാനവും എടുത്തിട്ടില്ല.

നിലവില്‍ ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെയാണ്. മുന്നണി വിടാന്‍ ബിഡിജെഎസ് തീരുമാനം എടുത്തിട്ടില്ല. പക്ഷെ എന്തായിരിക്കണം ബിഡിജെഎസിന്റെ രാഷ്ട്രീയ നിലപാട് എന്നും എന്‍ഡിഎയില്‍ തന്നെ തുടരണമോ എന്നുമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം കണിച്ചുകുളങ്ങര യോഗത്തിലുണ്ടാകും.

ബിഡിജെഎസ് സംസ്ഥാനത്ത്‌ ഒരു രാഷ്ട്രീയ ശക്തിയായി മാറിയിട്ടുണ്ട്. എട്ടു ശതമാനമുള്ള ബിജെപി വോട്ടുകള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 14 ശതമാനമായി മാറിയത് ബിഡിജെഎസ് പിന്തുണ കൊണ്ടാണ്. നിയമസഭാ മണ്ഡലങ്ങളില്‍ 10 ശതമാനത്തോളം വോട്ടുകള്‍ പിന്നോക്ക വിഭാഗക്കാര്‍ക്കുണ്ട്.

ചില മണ്ഡലങ്ങളില്‍ അതിലും കൂടുതലുണ്ട്. നിയമസഭാ ഫലങ്ങളെ സ്വാധീനിക്കാന്‍ ബിഡിജെഎസിന് കഴിയും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് അത് തെളിയിച്ചിട്ടുണ്ട്. ചില നിയമസഭാ മണ്ഡലങ്ങളില്‍ ബിഡിജെഎസിന് വിജയിക്കാന്‍ കഴിയും എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതിന് സഹായകമാകുന്ന നിലപാടായിരിക്കും കണിച്ചുകുളങ്ങര യോഗത്തില്‍ തീരുമാനിക്കപ്പെടുക.

ഒരു നിയമസഭാ മണ്ഡലത്തില്‍ ആര് ജയിക്കണമെന്നു തീരുമാനിക്കാന്‍ ബിഡിജെഎസിന് കഴിയും. ഇത് ബിഡിജെഎസിന്റെ വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബിഡിജെഎസ് മത്സരിച്ച ഇരുപത്തിമൂന്നോളം
സീറ്റുകളില്‍ 25000ത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ വോട്ട് പിടിച്ചിട്ടുണ്ട്-തുഷാര്‍ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.