ബിജെപിയുടെ വോട്ടില്‍ സിപിഎമ്മിന് ആശങ്ക വേണ്ടെന്ന് സുരേന്ദ്രന്‍; ‘സ്വന്തം വോട്ട് എവിടെ പോയെന്ന് പറയേണ്ടിവരും’

കൊച്ചി: ബിജെപിയുടെ വോട്ട് എവിടെപോയെന്ന ആശങ്ക സിപിഎമ്മിനു വേണ്ടെന്ന് കെ.സുരേന്ദ്രന്‍. ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎം പറയേണ്ടിവരും. സിപിഎം സമ്പൂര്‍ണ നാശത്തിലക്ക്  പോവുകയാണെന്നും അതിന്  കാരണക്കാരന്‍ പിണറായി വിജയനാണെന്നും സുരേന്ദ്രന്‍  കൊച്ചിയില്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ എട്ടു മണ്ഡലങ്ങളില്‍ ബിജെപി വോട്ടു മറിച്ചെന്ന  ആശങ്ക പ്രകടിപ്പിച്ച്‌ സിപിഎം. കണ്ണൂര്‍, കാസര്‍കോട്, തുടങ്ങിയ മണ്ഡലങ്ങളില്‍ കാര്യമായി വോട്ടുമറിഞ്ഞെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരത്ത് നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബൂത്തുതലം മുതലുള്ള കണക്കുകള്‍ വിലയിരുത്തും.

വടകരയും കോഴിക്കോടും ബിജെപി-യുഡിഎഫ് വോട്ടുകച്ചവടം നടന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ്‌ തന്നെ ജില്ലയില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. വടകരയില്‍ കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരുന്നത് തന്നെ ബിജെപിയുമായുള്ള ധാരണയുടെ പുറത്താണ്. 

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ പ്രചാരണത്തിന്റെ ചുമതലയില്‍ ജില്ലയിലെ തലയെടുപ്പുള്ള കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നില്ല. സംഘപരിവാര്‍ സംഘടനകളോട് അടുപ്പമുള്ള പി എം നിയാസിനായിരുന്നു രാഘവന്റെ പ്രചാരണ ചുമതല. ഇത് വോട്ടുകച്ചവടത്തിനുള്ള ധാരണ വെളിപ്പെടുത്തുന്നുവെന്നും പി മോഹനന്‍ പറഞ്ഞു.