ബിജെപിയുടെ തന്ത്രം വിജയം കാണുന്നു; രാജിവെയ്ക്കുകയാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിംഗ്‌

ബംഗളുരു: തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ എതിര്‍പക്ഷത്തുള്ള ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ബിജെപിയുടെ തന്ത്രം വിജയം കാണുന്നു. കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിംഗാണ് ഇപ്പോള്‍ ബിജെപിയുടെ വലയില്‍ വീണിരിക്കുന്നത്. വിജയനഗറില്‍ നിന്ന് ജയിച്ച ആനന്ദ് സിംഗ് രാവിലെ തന്നെ ബിജെപി പാളയത്തില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ വൈകുന്നേരം എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണെന്ന് ആനന്ദ് സിംഗ് അറിയിച്ചു. ഇതോടെ ഒരു എംഎല്‍എയെ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു.

എതിര്‍ പാളയത്തില്‍ ചേര്‍ന്നാലും പിന്തുണ നല്‍കിയാല്‍ കൂറുമാറ്റ നിരോധനത്തിന്റെ പരിധിയില്‍പ്പെട്ട് എംഎല്‍എ സ്ഥാനത്തിന് അയോഗ്യത വരുമെന്നതിനാല്‍ രാജിവച്ച് നിയമസഭയിലെ അംഗബലം കുറയ്ക്കുക എന്ന വഴിയാണ് മറുകണ്ടം ചാടുന്ന എംഎല്‍എമാര്‍ക്ക് മുന്നിലുള്ളത്. അതുവഴി വിശ്വാസ വോട്ടെടുപ്പില്‍ ഭരണപക്ഷത്തിന് എംഎല്‍എമാരുടെ എണ്ണം പരമാവധി കുറച്ച് കാണിച്ചാല്‍ മതിയാകും. ഈ തന്ത്രമാണ് ബിജെപി പയറ്റുന്നത്.

ആനന്ദ് സിംഗിനെ കൂടാതെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ്ഗൗഡ പാട്ടീലും ബിജെപി പാളയത്തിലെത്തിയതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഇദ്ദേഹം രാജിവയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല. ഇതുസംബന്ധിച്ച് ബിജെപി നേതൃത്വവുമായി വിലപേശല്‍ നടത്തുകയാണെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.