ബിജെപിയുടെ തകര്‍ച്ച പ്രവചിച്ച സര്‍വേഫലം ചോര്‍ന്നു; ഇന്ത്യ ടുഡെയുടെ വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി: മെയ് 19 ന് മാത്രമേ എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവിടാവൂ എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം നിലനില്‍ക്കെ ഇന്ത്യ ടുഡെയുടെ സര്‍വേ ഫലം ചോര്‍ന്നു. ചാനല്‍ സര്‍വേ ഫലത്തെക്കുറിച്ച് തയാറാക്കിയ പ്രമോഷണല്‍ വീഡിയോയിലൂടെയാണ് ഫലം ചോര്‍ന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍തകര്‍ച്ച നേരിടേണ്ടിവരുമെന്നാണ് ഫലം പ്രവചിക്കുന്നത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ബിജെപി 177 സീറ്റും യുപിഎ 141 സീറ്റും നേടുമെന്ന് വീഡിയോയിലെ ദൃശ്യങ്ങളില്‍ വ്യക്തമാക്കുന്നു. മറ്റുള്ളവര്‍ 224 സീറ്റ് നേടുമെന്നും വീഡിയോയിലുണ്ട്.

അതേസമയം വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ ചാനല്‍ വിശദീകരണവുമായി രംഗത്തുവന്നു. ഡമ്മി ഡാറ്റ ഉപയോഗിച്ചുള്ള പ്രമോഷണല്‍ വീഡിയോയാണ് പുറത്തുവിട്ടതെന്ന് ഇന്ത്യ ടുഡെ പറയുന്നു.അതിനിടെ തങ്ങളുടെ സര്‍വേ ഫലങ്ങള്‍ 95ശതമാനവും ശരിയായിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാല്‍ ട്വിറ്ററില്‍ കുറിച്ചു.

”2017ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ജയിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. ഗോവയിലും മേഘാലയയിലും തൂക്ക് സഭ വരുമെന്ന് ഞങ്ങള്‍ പറഞ്ഞു. അതും സംഭവിച്ചു. ഇന്ത്യടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളുകള്‍ 95 ശതമാനം കേസുകളിലും ശരിയായിട്ടുണ്ട്”. ഇത്തവണ ഏഴ് ലക്ഷത്തിലധികം വോട്ടര്‍മാരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാമ്പിളുപയോഗിച്ചാണ് സര്‍വ്വേ”- രാഹുല്‍ കന്‍വാല്‍ കൂട്ടിച്ചേര്‍ത്തു.