ബിജു മേനോന്‍- സംവൃത ചിത്രം ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’; ടൈറ്റില്‍ പോസ്റ്റര്‍

ബിജു മേനോനെ നായകനാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ഒരിടവേളയ്ക്കു ശേഷം നടി സംവൃത സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.

 

തനി നാട്ടിന്‍പുറത്തുകാരിയായി എത്തുന്ന സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക. അലൻസിയർ , സൈജു കുറുപ്പ്‌, സുധി കോപ്പ , സുധീഷ് , ശ്രീകാന്ത് മുരളി , വെട്ടുക്കിളി പ്രകാശ് ,വിജയകുമാർ ,ദിനേശ് പ്രഭാകർ ,മുസ്തഫ , ബീറ്റോ (10ml), ശ്രീലക്ഷ്മി, ശ്രുതി ജയൻ എന്നിവരാണ് മറ്റുതാരങ്ങൾ. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവർ ചേര്‍ന്നാണ് നിർമാണം.