ബിഎസ് എൻ എല്ലിനെ കൈവിടില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി:ജീവനക്കാർക്ക് ശമ്പളം പോലും നല്കാൻ കഴിയാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിഎസ്എൻഎല്ലിനെ കൈവിടില്ലെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.ബിഎസ്‌എന്‍എല്‍, എംടിഎന്‍എല്‍ കമ്പനികളുടെ പുനരുജ്ജീവന പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും. ജീവനക്കാര്‍ക്കു സ്വയം വിരമിക്കല്‍ ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം), മാനേജ്മെന്റ് കണ്‍സല്‍ട്ടൻസി സ്ഥാപനമായ ഡെലോയ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി പി.കെ.സിന്‍ഹയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗവും ചേര്‍ന്നു. ഇരു കമ്പനികളും അടച്ചുപൂട്ടില്ലെന്നും പുനരുജ്ജീവന പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
4ജി സാങ്കേതിക വിദ്യ വൈകിയതും വരുമാനത്തില്‍ ഭൂരിഭാഗവുംശമ്പളത്തിന് വിനിയോഗിക്കുന്നതും കൂടുതൽ പ്രതിസന്ധിയിലാക്കിയെന്നാണ് കണ്ടെത്തല്‍. സ്വകാര്യ കമ്പനികൾ 4ജിയുമായി ഏറെ മുന്നിലെത്തിയത് ഇരു കമ്പനികളെയും നഷ്ടത്തിലാക്കിയിരുന്നു.ബി എസ് എൻ എൽ വരുമാനത്തിൻ്റെ 50ശതമാനവും,എംടി എൻ എൽ 90 ശതമാനവും ജീവനക്കാരുടെ ശമ്പളത്തിനാണ് ചിലവഴിക്കുന്നത് .ഇരു സ്‌ഥാപനങ്ങളിലും 50 വയസ്സിന് മുകളിൽ ഉള്ളവർ കൂടുതൽ ഉള്ളതിനാൽ സ്വയം വിരമിക്കൽ സംവിധാനം കൊണ്ട് വരുന്ന കാര്യവും പരിഗണനയിലാണ്.കൂടാതെ ബിഎസ്എന്നലിൻ്റെ കെട്ടിടങ്ങൾ വാടകക്ക് കൊടുത്തു വരുമാനം ഉണ്ടാക്കാനും,സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാർക്കിടയിൽ തന്നെ ഉത്തരവാദിത്തങ്ങൾ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ടെലികോം അധികൃതർ .