ബിഎസ്പി-എസ്പി സഖ്യം ; രാഷ്ട്രീയ സഖ്യം ആദര്‍ശത്തിന്റെ പേരിലാകണമെന്ന് മോദി

ന്യൂഡല്‍ഹി: ബിഎസ്പി-എസ്പി സഖ്യത്തെ പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ സഖ്യം ആദര്‍ശത്തിന്റെ പേരിലാകണമെന്നും ഇപ്പോള്‍ മോദി വിരോധത്തിലാണ് സഖ്യം ഉണ്ടാക്കുന്നതെന്നും മോദി പറഞ്ഞു.

രാജ്യം വികസനത്തിന്റെ പാതയിലാണെന്നും വികസനകാര്യത്തില്‍ രാജ്യത്തിന്റെ മാറ്റം ബിജെപിയുടെ കൈകളിലൂടയേ സാധ്യമാകുകയുള്ളുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ ലക്ഷ്യം വികസനം മാത്രമാണ്. എന്‍ഡിഎ സര്‍ക്കാരിനെതിരേ ഒരു അഴിമതി ആരോപണം പോലും ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ലെന്നും മോദി വ്യക്തമാക്കി.

രാജ്യം സത്യസന്ധതയിലേക്കുള്ള പാതയിലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിനെതിരേയും മോദി വിമര്‍ശനം ഉന്നയിച്ചു. സാമ്ബത്തിക സംവരണത്തെപ്പറ്റി ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉന്നമനമാണ് ബിജെപിയുടെ ലക്ഷ്യം. കര്‍ഷകരെ ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.