ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വർണക്കടത്തു കേസ് പ്രതി സുനിൽകുമാറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വർണക്കടത്തു കേസ് പ്രതി സുനിൽകുമാറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. റിമാന്റിൽ കഴിയുന്ന കാക്കനാട് ജയിലിലെത്തിയാണ് ചോദ്യം ചെയ്തത്. ബാലഭാസ്കറിനെ പരിചയപ്പെടുത്തിയത് മറ്റൊരു സ്വർണക്കടത്തു കേസ് പ്രതി പ്രകാശ് തമ്പിയാണെന്നാണ് സുനിൽ കുമാറിന്റെ മൊഴി.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബാലഭാസ്കറിന്റെ മരണത്തിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. പ്രകാശ് തമ്പി വഴിയാണ് ബാലഭാസ്കറുമായുള്ള പരിചയം. ബാലഭാസ്കറിന്റെ കാർ വിൽക്കുന്ന കാര്യം തന്നെ ഏൽപ്പിച്ചിരുന്നുവെന്നും സുനിൽ കുമാർ മൊഴി നൽകി.

സ്വർണക്കടത്തു കേസിൽ ഡിആർഐ ആദ്യം അറസ്റ്റ് ചെയ്തതിലൊരാളാണ് സുനിൽകുമാർ. ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘമാണ് സുനിൽ കുമാറിനെ ചോദ്യം ചെയ്തത്. കേസിൽ പ്രകാശ് തമ്പിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.