ബാലഭാസ്കറിന്റെ മരണം; സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം:  ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍  സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും. ദൃക്സാക്ഷികള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. അപകടത്തെപ്പറ്റിയും ഡ്രൈവറെക്കുറിച്ചുമുളള  മൊഴികളില്‍ വ്യക്തതവരുത്താനാണ്  നീക്കം. 

അതേസമയം ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ രാത്രിയാത്ര ആരുടെയെങ്കിലും പ്രേരണയില്‍ പെട്ടെന്ന് തീരുമാനിച്ചതല്ലെന്ന് സ്ഥിരീകരിച്ചു. ഹോട്ടല്‍ റൂം ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി താമസിക്കില്ലെന്ന് ബാലഭാസ്കര്‍ പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. തൃശൂരില്‍ നടത്തിയ പൂജ ബുക്ക് ചെയ്തതും ബാലഭാസ്കര്‍ തന്നെയെന്നും കണ്ടെത്തി. 

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം മടങ്ങും വഴിയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. രാത്രി ഏറെ വൈകിയുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.