ബാലഭാസ്കറിന്റെ മരണം അസ്വാഭാവികമെന്നു മൊഴി നൽകിയ കലാഭവൻ സോബിക്കെതിരെ ഉയർന്ന വധഭീഷണി ; അന്വേഷിക്കണമെന്ന് കോടതി

എറണാകുളം : കലാഭവന്‍ സോബിക്ക് വന്ന വധഭീഷണിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് സോബിക്ക് വധഭീഷണി ഉണ്ടായത്.

തനിക്കെതിരെ വധഭീഷണി സന്ദേശം ലഭിച്ചെന്ന പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ലെന്നും സുരക്ഷയ്ക്കായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സോബി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദ്ദേശം.

ബാലഭാസ്‌കര്‍ അപകടത്തില്‍ മരിച്ച ദിവസം സ്ഥലത്തു കൂടി യാത്ര ചെയ്യുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന ചിലര്‍ രക്ഷാപ്രവര്‍ത്തനത്തിനു തയാറായിരുന്ന തന്നെ നിര്‍ബന്ധിച്ച്‌ പറഞ്ഞയച്ചു, അവിടെനിന്നു രണ്ടു പേര്‍ ഓടി രക്ഷപെടുന്നത് കണ്ട് എന്നുമായിരുന്നു സോബി ജോര്‍ജിന്റെ മൊഴി. താന്‍ യാത്ര ചെയ്ത് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അറിയുന്നത് അപകടത്തില്‍ പെട്ടത് ബാലഭാസ്‌കറായിരുന്നു എന്ന്.

സംശയം നേരത്തെ തന്നെ ബാലഭാസ്‌കറിന്റെ ബന്ധുക്കളെ അറിയിച്ചിരുന്നു. അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തല്‍ കണ്ടവരെ ഇനിയും തിരിച്ചറിയാനാകുമെന്നും സോബി പറഞ്ഞു. ഇതിനെ തുടര്‍ന്നായിരുന്നു ചിലര്‍ വിദേശത്തു നിന്നും ഫോണില്‍ വിളിച്ച്‌ വധഭീഷണി മുഴക്കിയത്.

വിദേശത്തു നിന്നും വിളിച്ച മൊബൈല്‍ നമ്പരുകളുടെ ഉറവിടത്തെക്കുറിച്ചു ശാസ്ത്രീയ പരിശോധന നടത്തണം എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജഡ്ജിമാരായ വിനോയ് ചന്ദ്രന്‍, വി.ജി. അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് നിർദേശനം നൽകിയത്.