ബാലഗോപാൽ…കൊല്ലത്തിന്റെ നന്മമരം, വിപ്ലവത്തിന്റെ വസന്തം…

ഗിരീഷ് ജി.മുഖത്തല

സുസ്ഥിര വികസനത്തിന്റെ ജീവിത പാഠങ്ങൾ പറഞ്ഞും പകർന്നും പ്രാവർത്തികമാക്കിയും, പരിസ്ഥിതി സംരക്ഷണത്തിന്റെ കാവലാളാവുകയാണ് കെഎൻ.ബാലഗോപാൽ.

ഒരു ജനപ്രതിനിധി എന്താകണം, എന്താകരുത് എന്ന് വാക്കിലും പൊരുളിലും കർമ്മവഴികളിലും അടയാളപ്പെടുത്തുന്ന ബാലഗോപാൽ കൊല്ലത്ത് നന്മയുടെ വസന്തമായ് പൂത്തുലയുകയാണ്. മണ്ണിന്റെ മണമറിഞ്ഞ്, പ്രകൃതിയെ നെഞ്ചോട് ചേർത്ത് മനുഷ്യന്റെ ഹൃദയതാളങ്ങളെ ജീവവായുപോലെ ശ്വാസനിശ്വാസങ്ങളിൽ നിറയ്ക്കുകയാണ് ഇടതുമുന്നണിയുടെ ഈ ജനകീയമുഖം.

തെരെഞ്ഞെടുപ്പിന്റെ രാഷ്ട്രീയമായ അടവുകളും, വോട്ടുപെട്ടിയിലെ കൂട്ടലും കിഴിക്കലും, മേനിപിടിപ്പിക്കലുമൊക്കെയായി മറ്റുള്ളവർ കളം നിറയുമ്പോഴും തെരെഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങളിൽ മാത്രമൊതുങ്ങാതെ ജനകീയപ്രശ്നങ്ങളെ അടുത്തറിഞ്ഞ് പരിഹാരമാകുന്നിടത്താണ് കെഎൻബി വ്യത്യസ്തനാകുന്നത്.

പരിസ്ഥിതി സംരക്ഷണ പരിപാടികളെ ജീവിതസമരമായ് നെഞ്ചേറ്റുന്ന കെഎൻബിയുടെ ഇടപെടലുകളുടെ ഉത്തമ ഉദാഹരണമായിരുന്നു ഭൗമമണിക്കൂർ ആചരണം. ‘വിളക്കണയ്ക്കാം… വെളിച്ചം നിലനിർത്താൻ’ എന്ന സന്ദേശമുയർത്തിയ കെഎൻബിയുടെ പ്രകൃതിസ്നേഹബോധത്തെ ഒരു നാടൊന്നാകെ ഹൃദയത്തിലേറ്റുകയായിരുന്നു. വോട്ടുപിടിക്കൽ തന്ത്രവുമായി ഐടി സാങ്കേതികതകൾ ഉപയോഗിക്കുന്ന വർത്തമാനകാലത്ത് പര്യടനതിരക്കുകൾ മാറ്റിവച്ച് ക്യൂ ആർ കോഡിന്റെ സാധ്യതകൾ സമുചിതമായി വിനിയോഗിച്ചാണ് “ഭൗമ മണിക്കൂർ” ആചരണസന്ദേശം കെഎൻബി ജനങ്ങളിൽ എത്തിച്ചത്.

കാലാവസ്ഥാവ്യതിയാനത്തിനും ആവാസവ്യസ്ഥാ വ്യതിയാനത്തിനും ഇരയായി ഭൂപടത്തിൽ നിന്നുതന്നെ മറയുമായിരുന്ന മൺട്രോതുരുത്തിനെ തിരികെപിടിച്ചത് ബാലഗോപാലിന്റെ ശാസ്ത്രവീക്ഷണബോധവും നിശ്ചയദാർഢ്യവുമാണ്. മൺട്രോത്തുരുത്തിലെ പരിസ്ഥിതിമലിനീകരണ പ്രശ്നങ്ങളേയും ആവാസവ്യവസ്ഥയേയും ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന ബാലഗോപാലാണ് അതിജീവനത്തിന്റെ പുതിയ പച്ചപ്പുകൾ തുരുത്തിന്റെ മണ്ണിൽ തളിർപ്പിച്ചത്. പാർട്ടിയുടെ സംഘടനാശേഷി മുഴുവൻ വർദ്ധിത സമരവീര്യത്തോടെ സമന്വയിപ്പിച്ച് ബാലഗോപാലിന്റെ നേതൃത്വം ജില്ലയിൽ നടപ്പിലാക്കിയ വീട്ടുമുറ്റത്തെ മഴക്കുഴി നിർമ്മാണവും വേറിട്ട അനുഭവമായിരുന്നു. ജില്ലയിലെ കടുത്ത ജലദൗർലഭ്യത്തിന് പരിഹാരമാർഗ്ഗമായി മാറിയ ഈ സമർപ്പിതസേവനവും കെഎൻബിയുടെ ജനകീയ സമരമുഖമാണ് തുറന്നിട്ടത്.

Image may contain: text

വിദ്യാർത്ഥിജീവിത കാലഘട്ടത്തിലെ തീചിതറിയ ചിന്തകളും അതിന്റെ ഓർമ്മകളും കെഎൻബിയിൽ എന്നും നിറഞ്ഞിരുന്നു.
വിദ്യാർത്ഥിനേതാവിൽ നിന്ന് യുവജനനേതാവായും
കർഷകനേതാവായും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായും, രാജ്യസഭാംഗമായും പിന്നീട് ദേശിംഗനാട്ടിൽ പാർട്ടിയുടെ അമരക്കാരനായും സഹനസമരസഹയാത്രികനായി നിറയുമ്പോഴും വിദ്യാർത്ഥി തലമുറയോടുള്ള ജാഗ്രതയും കരുതലും ബാലഗോപാലിന്റെ മനസ്സിൽ എന്നുമുണ്ടായിരുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് ബാഗ്-ലസ്-സ്കൂൾപദ്ധതി. ഇളം കുരുന്നുകളുടെ മുതുകിൽ കുരുക്കിയിട്ട പുസ്തകച്ചുമട് ഇറക്കിവയ്ക്കാൻ ഇടം തേടിയ കുട്ടികളുടെ ബാലേട്ടന്റെ ചിന്തയാണ് പിന്നീട് കോടതിയുടെ ശ്രദ്ധയിലെത്തിച്ചതും യാഥാർത്ഥ്യമാക്കിയതും. കൊല്ലം ജില്ലയിലെ 13 സ്കൂളുകളിൽ ബാഗ്-ലസ് പദ്ധതിയിലൂടെ രണ്ട് സെറ്റ് പുസ്തകങ്ങൾ കുട്ടികൾക്ക് നല്കിയും, ക്ലാസ്മുറികളിൽ അതിലൊരു സെറ്റ് പുസ്തകം സൂക്ഷിക്കാൻ അലമാരകൾ തയ്യാറാക്കിയുമാണ് പദ്ധതി പ്രാവർത്തികമാക്കിയത്. സ്വതന്ത്രമായ് കൈകൾ വീശി ആടിയും പാടിയും ഹർഷാരവങ്ങളോടെ സ്കൂളുകളിലേക്ക് പുറപ്പെട്ട ബാല്യങ്ങളെ കണ്ട് മലയാളമാകെ ആവേശലഹരിയിലായി.
ബാലഗോപാലിന്റെ ജനകീയതയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരമായ് അത് മാറി. കോടതി പ്രകീർത്തിച്ച ബാലഗോപാലിന്റെ ഈ മാതൃക രാജ്യമാകെ പുതിയ ചർച്ചയ്ക്കും മാറ്റങ്ങൾക്കും വഴിയൊരുക്കി.

ആലംബഹീനരും അവശത അനുഭവിക്കുന്നവരുമായ ജനവിഭാഗങ്ങളോട് വിദ്യാർത്ഥികളുടെ മനോഭാവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച കാഴ്ചപ്പാടും ബാലഗോപാലിന്റേതായിരുന്നു. സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് കെയർ യൂണിറ്റുകൾ രൂപീകരിച്ചു കൊണ്ടായിരുന്നു സാന്ത്വനത്തിന്റെ പുതുവെളിച്ചം ഈ സഖാവ് സമൂഹത്തിന് സമ്മാനിച്ചത്.

എംപി ഫണ്ടിൽ നിന്നും ആകെ അനുവദിക്കപ്പെട്ട 29.89 കോടി രൂപയിൽ നിന്നും 16.28 കോടി രൂപയാണ് രാജ്യസഭാഗം ആയിരിക്കുമ്പോൾ കെഎൻബി ജില്ലയിലാകെ ചെലവഴിച്ചത്.
കൊല്ലം ജില്ലയിൽ 168 ലക്ഷം രൂപ മുടക്കി 13 സ്കൂളുകളിൽ ബസുകൾ, 62 സ്കൂളുകളിലായി 77 ലക്ഷം രൂപ കമ്പ്യൂട്ടർ പദ്ധതി,
29 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച 5 അംഗനവാടികൾ,
199.8 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കപ്പെട്ട 17 സ്കൂൾ-കോളേജ് കെട്ടിടങ്ങൾ എന്നിവയിലൂടെയെല്ലാം വിദ്യാർത്ഥി സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയാണ് ബാലഗോപാൽ നിറവേറ്റിയത്.

അടിസ്ഥാനസൗകര്യങ്ങളുടെ വികസനകാര്യങ്ങളിലും,
ആരോഗ്യമേഖലയിലും ബാലഗോപാൽ ഏറെ ശ്രദ്ധനല്കിയിരുന്നു.
237.2 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച 31 റോഡുകളും, 126.24 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച 8 ആശുപത്രികെട്ടിടങ്ങളും കെഎൻബിയുടെ വികസന കാഴ്ചപ്പാടിന്റെ ദൃഷ്ടാന്തങ്ങളാണ്.

2006-2010 കാലഘട്ടങ്ങളിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന സമയത്ത്, കൊല്ലത്തിന്റെ തനത് ചരിത്ര-സാംസ്കാരിക മുദ്രകൾ നിലനിർത്തുവാൻ കെഎൻബി സ്വീകരിച്ച നിലപാടുകളും ശ്ളാഘനീയമായിരുന്നു. ചരിത്ര തിരുശേഷിപ്പുകൾ തകരാതെ തലയെടുപ്പോടെ സംരക്ഷിക്കാനുള്ള ബാലഗോപാലിന്റെ ദീർഘവീക്ഷണവും സ്മരണീയമാണ്. പുനലൂർ തൂക്കുപാലം ഇതിന്റെ ചൂണ്ടുപലകയാണ്. നൂറ്റാണ്ടു പഴക്കമുള്ള പൂനലൂർ തൂക്കുപാലത്തിന്റെ ജീർണ്ണാവസ്ഥ തിരിച്ചറിഞ്ഞ് പുനരുദ്ധാരണം നടത്തിയതിന്റെ ചിന്തയും ബാലഗോപാലിന്റേതായിരുന്നു.

തലയുയർത്തി നിൽക്കുന്ന ഐതിഹ്യപെരുമയെ തനതുശൈലിയിൽ പുനരുജ്ജീവിപ്പിച്ച്, കൊല്ലത്തിന്റെ കിഴക്കൻ മേഖലയെ ലോകത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നല്കി, സഞ്ചാരികളുടെ പറുദീസയാക്കാൻ, വ്യാപാര-വാണിജ്യ മേഖലകളുടെ ശക്തിയിലൂടെ, സാധാരണക്കാരുടെ തൊഴിലും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താൻ, സഹായിക്കുന്ന തരത്തിലേക്ക് ജഡായുപാറ വികസനത്തിന് പദ്ധതി രൂപീകരിച്ചതും ബാലഗോപാലിന്റെ കർമ്മശേഷിയുടെ തെളിവാണ്.

രാജ്യസഭാംഗം എന്ന നിലയിലും, പാർട്ടി നേതാവ് എന്ന നിലയിലും വർഗ്ഗ-ബഹുജന നേതാവ് എന്ന നിലയിലും ജനമനസ്സറിഞ്ഞ ബാലഗോപാലിന്റെ ആശയങ്ങളും ധീരമായ ചുവടുവയ്പ്പുകളും ആയിരം ദിനങ്ങൾ കൊണ്ട് പറഞ്ഞതെല്ലാം പ്രാവർത്തികമാക്കി ജനങ്ങൾക്കൊപ്പം മുന്നേറുന്ന എൽഡിഎഫ് സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമാണ് കൊല്ലം ലോക്സഭാ മണ്ഡലം ഇക്കുറി ചുവപ്പണിയുമെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനം.
വേനൽ സൂര്യൻ കത്തിജ്വലിക്കുമ്പോഴും നന്മയുടെ… സ്നേഹത്തിന്റെ… ഹൃദയപക്ഷത്തിന്റെ… ഇടതുപക്ഷത്തിന്റെ…
കർണികാര വസന്തമായ് പൂത്തുലയുകയാണ് കൊല്ലത്തിന്റെ സ്വന്തം ബാലഗോപാൽ.