ബാര്‍ കോഴ രാഷ്ട്രീയ ഗൂഢാലോചന, കള്ളക്കേസ് കെട്ടിച്ചമയ്ക്കാന്‍ കോടിയേരി നേതൃത്വം നല്‍കി: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ബാർകോഴ കേസിൽ കെ എം മാണിക്ക് എതിരെ കേസ് നടത്തിയാൽ ഭരണം മാറി വരുമ്പോൾ പൂട്ടിയ ബാറുകൾ തുറന്നു നൽകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും പാർട്ടി നേതൃത്വവും ഉറപ്പു നൽകിയതായി ബിജു രമേശിൻറെ വെളിപ്പെടുത്തൽ ബാർ കോഴ കേസിൽ നടന്ന രാഷ്ട്രീയ ഗൂഡാലോചനയുടെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവന്നിരിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി.

കെ എം മാണിക്കെതിരായ ബാർകോഴ കേസിൽ യാഥാർഥ്യത്തിന്റെ അംശം പോലും ഇല്ലന്ന നിലപാടാണ് ഞാൻ ആദ്യം മുതൽ സ്വീകരിച്ചതെന്നും ഹൈക്കോടതി പരാമർശം ഉണ്ടായപ്പോൾ രാജിവെക്കാൻ ശ്രീ കെ എം മാണി തന്നെ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും ഉമ്മൻ ചാണ്ടി ഫെയ്‌സ് ബുക്കിൽ കുറിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബാർകോഴ കേസിൽ കെ എം മാണിക്ക് എതിരെ കേസ് നടത്തിയാൽ ഭരണം മാറി വരുമ്പോൾ പൂട്ടിയ ബാറുകൾ തുറന്നു നൽകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും പാർട്ടി നേതൃത്വവും ഉറപ്പു നൽകിയതായി ബിജു രമേശിൻറെ വെളിപ്പെടുത്തൽ ബാർ കോഴ കേസിൽ നടന്ന രാഷ്ട്രീയ ഗൂഡാലോചനയുടെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.

കെ എം മാണിക്കെതിരായ ബാർകോഴ കേസിൽ യാഥാർഥ്യത്തിന്റെ അംശം പോലും ഇല്ലന്ന നിലപാടാണ് ഞാൻ ആദ്യം മുതൽ സ്വീകരിച്ചത്. ഹൈക്കോടതി പരാമർശം ഉണ്ടായപ്പോൾ രാജിവെക്കാൻ ശ്രീ കെ എം മാണി തന്നെ സ്വയം തീരുമാനിക്കുകയായിരുന്നു .

സത്യം എന്നന്നേക്കുമായി മൂടിവെക്കാൻ ആർക്കും കഴിയില്ല. യു ഡി എഫ് നേതാക്കൾക്ക് എതിരായ ആരോപണങ്ങൾ ഒന്നൊന്നായി അടിസ്ഥാനമില്ലാത്തതാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ബാർകോഴ കേസ് തേച്ചുമായിച്ച് കളയാൻ ശ്രമിച്ചു എന്ന ബിജു രമേശിന്റെ ആരോപണത്തോട് എനിക്ക് യോജിപ്പില്ല . യു ഡി എഫ്ന്റെ കാലത്തുതന്നെ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞിരുന്നതാണ് .

പൊതുസമൂഹത്തെ മുഴുവൻ വഞ്ചിച്ചുകൊണ്ട് മദ്യലോബിക്കായി ഗൂഡാലോചന നടത്തി കള്ളകേസ് കെട്ടിച്ചമയ്ക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ നേതൃത്വം നൽകി എന്നതും ഈ കാര്യം പിണറായി വിജയനും വി എസ് അച്യുതാനന്ദനും അറിവുണ്ടായിരുന്നതാണെന്നതും അതീവ ഗുരുതരമാണ് . രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഏതറ്റം വരെ പോകാനും സിപിഎം തയാറാകും എന്ന് ഈ സംഭവം തെളിയിച്ചിരിക്കുന്നു.