ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസ്: കക്ഷി ചേരാനുള്ള എല്ലാ അപേക്ഷകളും സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ബാബറിി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ കക്ഷി ചേരാന്‍ സമര്‍പ്പിച്ച എല്ലാ അപേക്ഷകളും സുപ്രീം കോടതി തള്ളി. അലഹാബാദ് ഹൈക്കോടതിയിലെ കേസില്‍ കക്ഷികളായിരുന്നവരുടെ വാദം മാത്രമേ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ മൂന്നാം കക്ഷിയാകാനുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ അപേക്ഷയും കോടതി തള്ളി. സമവായ നീക്കത്തിന് നിര്‍ദേശിക്കാനാവില്ലെന്നും കക്ഷികള്‍ക്ക് സ്വന്തം നിലക്ക് സമവായ ശ്രമം നടത്താമെന്നും സുപ്രീം കോടതി അറിയിച്ചു. തുടര്‍വാദം കേള്‍ക്കല്‍ ഈമാസം 23-ലേക്കു മാറ്റി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.എ.നജീബ് എന്നിവരാണ് അംഗങ്ങളായുള്ളത്. തികച്ചും ഭൂമിതര്‍ക്കം മാത്രമായാവും അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസ് പരിഗണിക്കുകയെന്നു സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.