ബാബറി മസ്ജിദ് കേസ്;മധ്യസ്ഥ ചര്‍ച്ചയുടെ ഇടക്കാല റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി, ചര്‍ച്ചയ്ക്ക് ഫലമില്ലെങ്കില്‍ ജൂലൈ 25 മുതല്‍ അപ്പീലുകളില്‍ വാദം കേള്‍ക്കും

ഡല്‍ഹി; ബാബറി മസ്ജിദ് കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി. തര്‍ക്ക ഭൂമി കേസില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയുടെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ഖലീഫുള്ളയോടാണ് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് ഇക്കാര്യം നിര്‍ദേശിച്ചത്.

തര്‍ക്കം പരിഹരിക്കാന്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഇല്ലെന്നും, അതിനാല്‍ അപ്പീലുകളില്‍ വാദം കേള്‍ക്കണം എന്നും ഉള്ള, കേസിലെ ഹര്‍ജിക്കാരനായ ഗോപാല്‍ സിംഗിന്റെ ആവശ്യം പരിഗണിക്കവേയാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശം.

മധ്യസ്ഥ ചര്‍ച്ച ഫലപ്രദം അല്ല സമിതി വ്യക്തമാക്കിയാല്‍ ജൂലൈ 25 മുതല്‍ ഭരണഘടന ബെഞ്ച് അപ്പീലുകളില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.