‘ബാഡ്ജ് ഓഫ് ഓണര്‍’ പുരസ്‌കാരം നേടി പോലീസ് ട്രോളന്മാര്‍

തിരുവനന്തപുരം: പ്രവര്‍ത്തനമികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ പുരസ്‌കാരമായ ‘ബാഡ്ജ് ഓഫ് ഓണര്‍’ കേരളാ പോലീസിലെ ട്രോളന്മാര്‍ക്ക്. നര്‍മ്മം നിറഞ്ഞ മറുപടിയിലൂടെയും ട്രോളുകളിലൂടെ ബോധവത്കരണവും നടത്തി ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെന്നതിനാണ് പുരസ്‌കാരം..കുറ്റാന്വേഷണം, ക്രമസമാധാനം തുടങ്ങി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വരെയുള്ള വിവിധ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം മികവ് പുലര്‍ത്തിയവര്‍ക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്.

ആശയങ്ങള്‍ നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ച് ജനഹൃദയങ്ങളില്‍ സ്ഥാനംനേടിയ കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിന് നിലവില്‍ പതിനൊന്നര ലക്ഷത്തിനടുത്താണ് ഫോളോവേഴ്സ് ഉള്ളത്. ലോകത്തിലെ തന്നെയുള്ള പോലീസ് പേജുകളില്‍ ഒന്നാമതാണ് കേരളാ പോലീസിന്റെ പേജ്.

എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലുള്ള സോഷ്യല്‍ മീഡിയ സെല്ലില്‍ സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ കമല്‍നാഥ് കെആര്‍, ബിമല്‍ വി എസ്സ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ് പി എസ്സ് , അരുണ്‍ ബിടി എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്. ഫേസ്ബുക്കിന് പുറമെ ഇന്‍സ്റ്റഗ്രാം ട്വിറ്റര്‍ എന്നിവയും കൈകാര്യം ചെയ്യുന്നത് ഇവര്‍ തന്നെയാണ്. ഇവയ്ക്ക് പുറമെ ടിക് ടോക്കിലും പുതിയ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.