ബാങ്ക് മാനേജര്‍മാര്‍ ആരാച്ചാര്‍മാരായാല്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല: ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ കുടുംബം ആത്്മഹത്യയ്ക്ക് ശ്രമിക്കുകയും പെണ്‍കുട്ടി മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. സംഭവത്തെക്കുറിച്ച്‌ ശക്തമായ അന്വേഷണം നടത്തണമെന്നും ബാങ്ക് മാനേജര്‍മാര്‍ ആരാച്ചാര്‍മാരായി മാറിയാല്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും യഥേഷ്ടം വായ്പകളും വായ്പായിളവുകളും പ്രഖ്യാപിക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ സാധാരണക്കാരന് പൂര്‍ണമായി അപ്രാപ്യമായി മാറുകയാണ്. സാധാരണകാര്‍ക്ക് വേണ്ടി ഒരുകാലത്ത് ആരംഭിച്ച പൊതുമേഖലാ ബാങ്കുകള്‍ ഇന്ന് കച്ചവട കണ്ണോടെ പ്രവര്‍ത്തിക്കുന്ന ബ്ലൈഡ് സംഘങ്ങളായി അധ:പതിക്കുകയാണ്.

നെയ്യാറ്റിന്‍കരയില്‍ ബാങ്ക് മാനേജരുടെ തുടര്‍ച്ചയായുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഈ ദാരുണസംഭവം ഉണ്ടായത്. സംഭവത്തെക്കുറിച്ച്‌ ശക്തമായ അന്വേഷണം നടത്തണം. ബാങ്ക് മാനേജരുടെയോ ബാങ്ക് അധികൃതരുടെയോ ഭാഗത്തുനിന്ന് അതിരുകടന്ന പ്രവര്‍ത്തനമുണ്ടായിട്ടുണ്ടെങ്കില്‍ അവരെയും പ്രതിചേര്‍ക്കണം. ഇനിയൊരു സംഭവം ആവര്‍ത്തിക്കാത്തവിധം മാതൃകാപരമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ന് ഉച്ചയ്ക്കാണ് ബാങ്ക് അധികൃതരുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും അതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തത്. വൈഷ്ണവി(19) എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. അമ്മ ലേഖ ഗുരുരാവസ്ഥയില്‍ ചികിത്സയിലാണ്.