ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ, സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെ ചുമതലകളില്‍ നിന്നും ഒഴിവാക്കി

വയനാട്: ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെ പ്രാഥമിക അംഗത്വം ഒഴികെ മുഴുവന്‍ ചുമതലകളില്‍ നിന്നും ഒഴിവാക്കി. തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ അനില്‍ കുമാര്‍ ബാങ്ക് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായ പി. വാസുവിനെതിരെ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വാസുവിനെതിരെ പാര്‍ട്ടി നടപടി. ആത്മഹത്യ അന്വേഷിക്കാന്‍ സി.പി.എം ജില്ലാ കമ്മിറ്റി പ്രത്യേക കമ്മിഷനെ നിയമിച്ചു.

പി.വാസുവിനോട് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വാസുവില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. നവംബര്‍ ഒന്നിനാണ് അനില്‍കുമാര്‍ ആത്മഹത്യ ചെയ്‌തത്. ഏഴ് ആത്മഹത്യ കുറിപ്പുകളാണ് പൊലീസ് അനില്‍കുമാറിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത്.

വാസു നടത്തിയ അഴിമതി തന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് അനില്‍കുമാര്‍ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.