ബാങ്ക് അക്രമം:എന്‍ജിഒ യൂണിയന്‍ നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്; പരാതിയുമായി വനിതകളും

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ എന്‍ജിഒ യൂണിയന്റെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. കേസില്‍ പ്രതികളായ അഞ്ച് നേതാക്കളെ തിരിച്ചറിഞ്ഞിട്ടും നടപടി എടുക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, അജയകുമാര്‍,ശ്രീവത്സന്‍, ബിജുരാജ്, വിനുകുമാര്‍ എന്നിവരെയാണ് ഓഫീസിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യ്ക്തമാണ്. എന്നാല്‍ ഇതുവരെ അവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

കേസില്‍ ഇന്നലെ കീഴടങ്ങിയ സിപിഐഎം സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം എസ്. സുരേഷ് കുമാര്‍ എന്നിവരുടെ ജാമ്യം ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും.