ബാംഗ്ലൂരിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ചെന്നൈ

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ 205 റണ്‍സ് 2 പന്തുകള്‍ ശേഷിക്കെ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഷെയിന്‍ വാട്സണെ പുറത്താക്കി നേഗിയും സുരേഷ് റെയ്‍നയെ മടക്കി ഉമേഷ് യാദവും ബാംഗ്ലൂരിനു മികച്ച തുടക്കമാണ് നല്‍കിയത്. പിന്നീട് ഇരട്ട പ്രഹരവുമായി യൂസുവേന്ദ്ര ചഹാല്‍ സാം ബില്ലിംഗ്സിനെയും രവീന്ദ്ര ജഡേജയെയും പുറത്താക്കി ചെന്നൈ നിരയെ പ്രതിരോധത്തിലാക്കി. അതിനു ശേഷമാണ് എംഎസ് ധോണി-അമ്ബാട്ടി റായിഡു സഖ്യം ടീമിന്റെ ചരിത്രപരമായ തിരിച്ചുവരവിനു ആരംഭം കുറിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ അര്‍ധസെഞ്ച്വറി നേടിയ ഡികോക്കിന്റെയും (37 പന്തില്‍ 53 റണ്‍സ്) ഡിവില്ലിയേഴ്‌സിന്റെയും (30 പന്തില്‍ 68 റണ്‍സ്) ബാറ്റിങ്ങ് മികവിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ചെന്നൈയ്ക്കായി താക്കൂര്‍, ബ്രോവോ, താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബാംഗ്ലൂരുവിനായി ചഹാല്‍ രണ്ടും നേഗി, യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നിലവില്‍ ആറു മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയം സഹിതം 10 പോയന്റോടെയാണ് ചെന്നൈ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. ആറു മത്സരങ്ങളില്‍ നാലും തോറ്റ ബാംഗ്ലൂര്‍ നാലു പോയന്റോടെ ആറാം സ്ഥാനത്ത് തുടരും.

അമ്ബാട്ടി റായിഡുവിന്റെയും നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെയും തകര്‍പ്പന്‍ ഇന്നിംഗ്‌സുകളാണ് ചെന്നൈക്ക് വന്‍ വിജയം നേടി കൊടുത്തത്. റായിഡു 53 പന്തില്‍ എട്ട് സിക്‌സറുകളും മൂന്ന് ഫോറും സഹിതം 82 റണ്‍സെടുത്തു പുറത്തായപ്പോള്‍ ധോണി 34 പന്തുകളില്‍ ഏഴ് സിക്‌സറുകളും ഒരു ഫോറും സഹിതം 70 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് പന്തില്‍ ഒരു സിക്‌സും ഒരു ഫോറും സഹിതം 14 റണ്‍സുമായി ബ്രാവോയും വിജയത്തിലേക്ക് മികച്ച പിന്തുണ നല്‍കി