ബഹിഷ്കരണത്തിന്റെ രാഷ്ട്രീയം ഒറ്റ ദിവസം കൊണ്ട് തീർന്നുപോകാതിരിക്കട്ടെ !


 

എൻ. പി. മുരളീകൃഷ്ണൻ

ഇന്ന് രാവിലെ സെക്രട്ടേറിയറ്റ് പടിക്കലെ ബി.ജെ.പിയുടെ സമരപ്പന്തലിൽ പതിവിലും നിരാശ നിഴലിച്ചു നിന്നിരുന്നു. ശ്രീധരൻ പിള്ളയും പി.കെ കൃഷ്ണദാസും പതിവ് ഭീഷണി കലർന്ന പഞ്ച് ഡയലോഗുകളും പിണറായിയുടെ ജാതി സുവിശേഷങ്ങളുമില്ലാതെ ശാന്തരായി പ്രസംഗിച്ചെന്ന് വരുത്തി ഇരിപ്പിടത്തിൽ പോയിരുന്നു.

സംസാരത്തിൽ ആകെ ഒരു നിരാശ പ്രകടമായിരുന്നു. കാരണം മറ്റൊന്നുമല്ലായിരുന്നു. മൈക്കിനു മുന്നിൽ ചാനൽ ക്യാമറകളും നോട്ട് പാഡും പേനയും പിടിച്ച് ഞങ്ങൾ ലേഖകരും ഇല്ലായിരുന്നു. (ഒരു ക്യാമറയും ഒരു പ്രസംഗമെഴുത്ത് തൊഴിലാളിയും ഉണ്ടായിരുന്നുവെന്ന കാര്യം മറച്ചുവയ്ക്കുന്നില്ല)

ഇന്നും ഇന്നലെയുമായി ബി.ജെ.പി പ്രവർത്തകർ മാധ്യമപ്രവർത്തകർക്ക് നേരെ നടത്തിയ വ്യാപകമായ അക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള തിരുവനന്തപുരത്ത് നടത്താനിരുന്ന വാർത്താസമ്മേളനവും, കെ.സുരേന്ദ്രന്റെ വാർത്താസമ്മേളനം കോഴിക്കോട്ടും ബഹിഷ്‌കരിച്ചു. കെ.പി ശശികലയ്ക്ക് വാർത്താസമ്മേളനം നടത്താൻ പ്രസ്‌ക്ലബ്ബ് നൽകാനാവില്ലെന്ന് കോട്ടയം പ്രസ് ക്ലബ്ബും നിലപാടെടുത്തു.

തൊഴിലെടുക്കാൻ സമ്മതിക്കാതെ ഞങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുന്ന സംഘപരിവാർ ഭീകരതയെ ബഹിഷ്‌കരിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു മാധ്യമധർമ്മവും ഇപ്പോൾ ഞങ്ങൾക്ക് ചെയ്യാനില്ല.

എന്നു മുതൽക്കാണ് കേരളത്തിൽ ബി.ജെ.പിയുടെ സമരങ്ങൾക്കും നേതാക്കൾക്കും നേരെ ചാനൽ മൈക്കുകളും ക്യാമറകളും നീണ്ടു തുടങ്ങിയത്! എന്നു മുതൽക്കാണ് പത്രങ്ങളിൽ ഒരു കോളം തികച്ചു കിട്ടിത്തുടങ്ങിയത്!

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ മാധ്യമങ്ങളുടെ തണലിലും അമിത തലോടലിലും വളർന്നുവെന്നല്ലാതെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെപ്പോലെ കേരളത്തിൽ എന്ത് അടിത്തറയാണ് ബി.ജെ.പിക്കുള്ളത്..? അവരെ ആവശ്യത്തിൽ കൂടുതൽ വളർത്തിയതിന് കിട്ടിയ തിരിച്ചടിയാണ് ഇപ്പോൾ മാധ്യമങ്ങൾക്ക് നേരിടേണ്ടി വരുന്നത്.

 

ഇനിയെങ്കിലും മാധ്യമ സ്ഥാപന മാനേജ്‌മെന്റുകൾ സംഘപരിവാർ അജണ്ടകളിലും ഓഫറുകളിലും വീണുപോകരുത്.
കൂലിത്തൊഴിലാളികളായ ഞങ്ങൾ പാവപ്പെട്ട മാധ്യമ പ്രവർത്തകർ പ്രത്യേകിച്ച് ഒരു അജണ്ടകളുടെയും നിർമ്മാതാക്കളല്ല. തുച്ഛം ശമ്പളത്തിൽ മഞ്ഞും മഴയും വെയിലുമേറ്റ് രാവിലെ മുതൽ രാവേറെ ചെല്ലുന്തോറും നിശ്ചിത സമയ വ്യവസ്ഥയില്ലാതെ പണിയെടുക്കുന്നവർ മാത്രമാണ്.

വീട്ടുകാര്യങ്ങൾ നേരാംവണ്ണം ശ്രദ്ധിക്കാനാകാതെ, കിട്ടുന്ന ശമ്പളം ഒന്നിനും തികയാതെ, ഈ മേഖലയോടുള്ള പാഷൻ ഒന്നു കൊണ്ടു മാത്രം തുടരുന്നവർ. അവർക്കാണ് ഇന്നലെയും ഇന്നുമായി തെരുവിൽ സംഘപരിവാരങ്ങളുടെ അടിയേറ്റു വാങ്ങേണ്ടി വന്നത്.

പലരും തെറ്റിദ്ധരിച്ചു വച്ചിട്ടുള്ളതു പോലുള്ള എയർ കണ്ടീഷനു ചുവട്ടിലെ സുഖലോലുപ ജീവിതമല്ല ഞങ്ങൾ മാധ്യമ പ്രവർത്തകരുടേത്. സദാ വെയിലത്ത് നിൽക്കുന്നവർ തന്നെയാണ് ഞങ്ങൾ. ഞങ്ങൾക്കും കുടുംബമുണ്ട്. തെരുവിൽ വച്ച് അടി കൊണ്ടാലും വല്ലതും സംഭവിച്ചാലും ഞങ്ങൾക്ക് വേണ്ടി കരയാൻ ഒരുപക്ഷേ അവർ മാത്രമായിരിക്കും ബാക്കിയുണ്ടാകുക.

ആവർത്തിക്കട്ടെ, സംഘപരിവാർ വിതയ്ക്കുന്നത് നൂറു ശതമാനം അപകടത്തിന്റെയും വിഷത്തിന്റെയും രാഷ്ട്രീയമാണ്. അതിന് അമിതലാളന കൊടുക്കാതിരിക്കുന്നതും മുഖം തിരിക്കുന്നതുമാണ് ചെയ്യാനാകുന്ന ഉദാത്ത മാധ്യമ ധർമ്മം.

ഇന്ന് നമ്മൾ പുറത്തെടുത്ത ബഹിഷ്‌കരണത്തിന്റെ രാഷ്ട്രീയം ഒറ്റ ദിവസം കൊണ്ട് തീർന്നുപോകാതിരിക്കട്ടെ.