ബസ് ചാര്‍ജ് വര്‍ധന അപര്യാപ്തമെന്ന് സ്വകാര്യബസ് ഉടമകള്‍

കൊച്ചി: സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ച ബസ് ചാര്‍ജ് വര്‍ധന അപര്യാപ്തമെന്നും അംഗീകരിക്കാനാകില്ലെന്നും സ്വകാര്യബസ് ഉടമകള്‍. മുന്‍പ് നിശ്ചയിച്ചതുപോലെ ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. സംസ്ഥാനത്തെ മിനിമം ബസ് ചാര്‍ജ് എട്ട് രൂപയായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വര്‍ധനവ് മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗം ബസ് ചാര്‍ജ് വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു.

എന്നാല്‍ മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ അഞ്ച് രൂപയാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതേപടി നടപ്പിലാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം.

ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്ന് എട്ട് രൂപയായും ഫാസ്റ്റ് പാസഞ്ചറുകളിലേത് പത്തില്‍ നിന്ന് പതിനൊന്ന് രൂപയായും സൂപ്പര്‍ ഫാസ്റ്റുകളില്‍ 13 ല്‍ നിന്ന് 15 ആയും ഡീലക്സില്‍ 20 ല്‍ നിന്ന് 22 ആയും ലക്ഷ്വറി ബസുകളില്‍ 40 ല്‍ നിന്ന 44 ആയും വോള്‍വോ 40 ല്‍ നിന്ന് 45 ആയുമാണ് ഉയര്‍ത്തിയിരിക്കുന്നത്.