ബസ് ചാര്‍ജ് വര്‍ധനയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബഡ്ജറ്റില്‍ 970 കോടി രൂപയുടെ അധികഭാരം ജനങ്ങളുടെ ചുമലില്‍ കെട്ടിവച്ച ജനദ്രോഹം മാത്രം മുഖമുദ്രയാക്കിയ സര്‍ക്കാര്‍ ഈ നടപടിയില്‍ നിന്ന് പിന്തിരിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ തന്നെ ഡീസല്‍ വില വര്‍ധിപ്പിക്കുകയും എന്നിട്ട് വില വര്‍ധിച്ചു എന്ന കാരണം പറഞ്ഞു ബസ് ചാര്‍ജ് കൂട്ടുകയുമാണ് ചെയ്തിരിക്കുന്നത്. ഇന്ധനവില വര്‍ധനയിലൂടെ സര്‍ക്കാരിന് കിട്ടുന്ന അധിക നികുതി ലാഭം വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരില്ലായിരുന്നു. സര്‍ക്കാര്‍ ചെയ്ത കുറ്റത്തിന് സാധാരണ ജനങ്ങള്‍ പിഴ നല്‍കേണ്ടി വന്നിരിക്കുന്നു.

വിലക്കയറ്റം കാരണം പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ബസ് ചാര്‍ജ് വര്‍ധന കനത്ത പ്രഹരമാണ് നല്‍കുന്നത്. സാധാരണ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോഴൊക്കെ വിദ്യാര്‍ത്ഥികളെ ഒഴിവാക്കുകുകയാണ് പതിവ്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലിയും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.