ബംഗ്ലാദേശില്‍ നാലാംതവണയും ഷെയ്ഖ് ഹസീന അധികാരത്തില്‍

ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലെത്തി. 300 സീറ്റിലേക്ക് നടന്ന പാര്‍ലമെന്‍റെ തെരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് 288 സീറ്റുകള്‍ നേടി. പ്രതിപക്ഷത്തിന് 7 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ.

തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളില്‍ 17 പേര്‍ മരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വ്യാപകക്രമക്കേട് നടന്നതായി ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ആരോപിച്ചു. ഇത് നാലാം തവണയാണ് ഷെയ്ക്ക് ഹസീന പ്രധാമന്ത്രി പദത്തിലെത്തുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുര്‍ത്തഫി മൊര്‍ത്താസയും ജയിച്ചവരില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രീയത്തിലെ കുടിപ്പകയുള്ള രണ്ട് വനിതാ പ്രതിയോഗികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു ബംഗ്ലാദേശ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്.

ഗോപാല്‍ ഗഞ്ജ് മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് ഹസീന ജയിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്ബ് തന്നെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അക്രമം വ്യാപകമായിരുന്നു. ഭീഷണിയും അക്രമവും മൂലം പ്രതിപക്ഷ നിരയിലെ 28 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പിന് മുമ്ബ് പിന്‍മാറിയത്. 6 ലക്ഷകത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലല്‍ ആയിരുന്നു തെരഞ്ഞെടുപ്പ്. എന്നിട്ടും അവാമി ലീഗ് പാര്‍ട്ടിയും ഖാലിദയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടി.

പത്ത് വര്‍ഷത്തിന് ശേഷമാണ് ബംഗ്ലദേശില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. 350 അംഗ പാര്‍ലമെന്റില്‍ 50 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ബാക്കി 300 ല്‍ 299 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.