ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറിച്ചു

വ്യാപകമായ ആക്രമങ്ങളെ തുടർന്ന് പശ്ചിമ ബംഗാളിൽ ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചു. ഭരണഘടനയുടെ 324ആം വകുപ്പ് പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ കടുത്ത തീരുമാനം സ്വീകരിച്ചത്.പശ്ചിമ ബംഗാളിൽ ഇനി ഒൻപത് മണ്ഡലങ്ങളിലാണ് തെരഞ്ഞടുപ്പ് നടക്കാനുള്ളത്. അവിടെയെല്ലാം നാളെ രാത്രി 10 മണിയോടെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കണം എന്നാണു കമ്മീഷൻ നിർദ്ദേശം.
രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരുപക്ഷെ ആദ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്രയും കർക്കശമായ ഒരു ഇടപെടൽ നടത്തുന്നത്. ഇന്നലെ കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ അഭിസംബോധന ചെയ്ത പൊതുസമ്മേളനവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങളാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. 
ബംഗാൾ നവോത്ഥാനത്തിന്റെ നേതൃസ്ഥാനത്തുള്ള വിഖ്യാത വിഭ്യാസവിചക്ഷണൻ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയടക്കം അക്രമത്തിൽ തകർന്നിരുന്നു. അക്രമത്തെ തുടർന്ന് ബിജെപിയും തൃണമൂൽ കോൺഗ്രസും പരസ്പരം പഴിചാരുകയായിരുന്നു. അമിത് ഷായുടെ റാലി നടക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതാണ് അക്രമങ്ങൾക്ക് വഴിവച്ചതെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ ആരോപിച്ചത്.
ഇന്ന് രാവിലെ ബിജെപിയുടെ ഒരു പ്രതിനിധിസംഘം ഉപരാഷ്ട്രപതിയും രാജ്യസഭാ ഉപാധ്യക്ഷനുമായ  വെങ്കയ്യാ നായിഡുവിനെ സന്ദർശിച്ച് രാജ്യസഭാംഗമായ അമിത് ഷാക്കെതിരെ നടന്ന ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ചു. 
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി ജയിച്ചത് രണ്ടു സീറ്റുകളിലാണ്: ഡാർജീലിങ്ങിലും അസൻസോളിലും. ഈ സീറ്റുകൾ നഷ്ടമാകും എന്ന ഭയമാണ് ബിജെപി പ്രവർത്തകരെ അക്രമത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത് എന്നാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്.