ബംഗാളില്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദനം; ഡോക്ടര്‍മാരുടെ സമരം രാജ്യവ്യാപകമാകുന്നു

ന്യൂഡല്‍ഹി: ജൂനിയര്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ കൊല്‍ക്കത്തയില്‍ ആരംഭിച്ച സമരം രാജ്യവ്യാപകമാകുന്നു. ഡല്‍ഹിയിലെ എയിംസിലടക്കം ഡോക്ടര്‍മാര്‍ ഐക്യദാര്‍ഢ്യവും പ്രതിഷേധവും നടത്തി.

എയിംസിലെ ഡോക്ടര്‍മാര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനുമായി ചര്‍ച്ച നടത്തുകയും ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ സുരക്ഷ അടക്കം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച കൊല്‍ക്കത്ത എന്‍.ആര്‍.എസ്​ മെഡിക്കല്‍ കോളജില്‍ രണ്ടു​ ഡോക്​ടര്‍മാര്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ്​ സമരം പ്രഖ്യാപിച്ചത്​. 75കാരനായ രോഗി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ കാരണമാണെന്ന് കുടുംബം ആരോപിക്കുകയും 200ഓളം പേരടങ്ങിയ ആള്‍ക്കൂട്ടം ആശുപത്രിയില്‍ ഇരച്ചെത്തി ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയുമായിരുന്നു.

വ്യാഴാഴ്ച ഉച്ചക്ക് മുമ്പ്‌ ഡ്യൂട്ടിയില്‍ എത്തിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അന്ത്യശാസനം നല്‍കിയിരുന്നു. സമരത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് മമത ആരോപിച്ചത്. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ്​ ഡോക്​ടര്‍മാരുടെ തീരുമാനം.