ഫ്ളക്സ് നിരോധനം നടപ്പാക്കിയില്ല ; സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

തിരുവനന്തപുരം: ഫ്‌ളക്‌സ് നിരോധനം സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പതിമൂന്ന് തവണ ഉത്തരവിട്ടിട്ടും നിരോധനം നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത് ഇന്ത്യന്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ പലവട്ടം ഉത്തരവിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്‍ശനം ഉണ്ടായത്. സര്‍ക്കാരിന് ഒരു മിനിട്ട് കൊണ്ട് ഫ്‌ളക്‌സ് നിരോധനം നടപ്പാക്കാം. എന്നാല്‍ അതിന് തയ്യാറാകുന്നില്ല.

നിയമം തെറ്റിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഇങ്ങനെ തുടർന്നാൽ ചീഫ് സെക്രട്ടറിയെ വിളിച്ച്‌ വരുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നവരില്‍ നിന്ന് 5000 രൂപ മുതല്‍ 10,000 രൂപവരെ പിഴയീടാക്കണം. പിഴ നല്‍കിയില്ലെങ്കില്‍ നിയമലംഘിച്ചവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി നിർദേശം നൽകി.