ഫ്രാന്‍സില്‍ പാര്‍സല്‍ ബോംബ് സ്‌ഫോടനം

പാരീസ്: ഫ്രഞ്ച് നഗരമായ ലയോണില്‍ പാര്‍സല്‍ ബോംബ് സ്‌ഫോടനം . ആണികളും സ്‌ഫോടക വസ്തുവും നിറച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ പതിനാല് പേര്‍ക്ക് പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. ആക്രമണത്തിന് പിന്നാലെ പൊലീസ് സമീപ പ്രദേശത്തുള്ളവരെ ഒഴിപ്പിച്ചു. ലയോണ്‍ നഗരത്തോടൊപ്പമാണ് രാജ്യം എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ട്വീറ്റ് ചെയ്തു. അതേസമയം ഭീകരാക്രമാണോ നടന്നത് എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ടാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

സ്‌ഫോടനത്തിന് ശേഷം വേഗത്തില്‍ സൈക്കിളോടിച്ച് പോയ ഒരാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭ്യമായിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം എന്നതുകൊണ്ട് തന്നെ ദേശീയ അന്വേഷണ ഏജന്‍സിയും പൊലീസും സാഹചര്യത്തെ ഗുരുതരമായാണ് കാണുന്നത്.