ഫോസ്ഫറസ്: മൂലകങ്ങളിലെ മാണിക്യക്കല്ല്

മഹേഷ്.വി.എസ് 

മധ്യകാലഘട്ടത്തിൽ ജർമ്മനിയിലെ ഹാംബർഗ് എന്ന പട്ടണത്തിൽ താമസിച്ചിരുന്ന വ്യാപാരിയായിരുന്നു ഹെന്നിങ് ബ്രാൻഡ്.( AD1630–1692 or 1710). വ്യാപാര കാര്യങ്ങളിൽ എന്നപോലെ രസതന്ത്രത്തെക്കുറിച്ചും അയാൾക്ക് വളരെ വ്യക്തതയില്ലാത്ത ചില ആശയങ്ങൾ ഉണ്ടായിരുന്നു.

വളരെ വേഗത്തിൽ ധനികനാകണം എന്നുള്ള ആഗ്രഹം മാത്രം അയാൾക്ക് അടക്കുവാൻ കഴിഞ്ഞില്ല. അത് വളരെ എളുപ്പമുള്ള കാര്യമായിട്ടാണ് അയാൾ കരുതിയത്. ലോഹങ്ങളെ എന്തിന് ഉരുളൻ കല്ലുകളെ പോലും സ്വർണമാക്കി മാറ്റാൻ കഴിയുന്ന രാസ വാദികളെക്കുറിച്ച് (ആൽക്കെമിസറ്റ്)അയാൾ കേട്ടിട്ടുണ്ടായിരുന്നു . അതുപോലെ തനിക്കും എന്തെങ്കിലും കണ്ടെത്താൻ കഴിയുമെന്നും അതുവഴി താൻ ഒരു ധനികനാകുമെന്നും അയാൾ അടിയുറച്ച വിശ്വസിച്ചിരുന്നു.

വർഷങ്ങൾ കടന്നുപോയി …..എങ്ങനെയും പണമുണ്ടാക്കാനുള്ള ചിന്ത വന്നപ്പോൾ വ്യാപാരത്തിൽ ആയാൾക്ക് താല്പര്യമില്ലാതായി. വ്യാപാരികളുടെ സംഭാഷണങ്ങളിൽ പോലും ഹെന്നിങ് ബ്രാൻഡ് എന്ന പേര് വളരെ വിരളമായേ കേൾക്കാറുള്ളു. ഈ സമയമെല്ലാം ബ്രാൻഡ് പലതരം ഖനിജങ്ങളും മിശ്രണങ്ങളും ലയിപ്പിച്ചും കുഴച്ചും അരിച്ചുമെല്ലാം ചെയ്തു നോക്കി. അയാളുടെ കൈകൾക്ക് അമ്ലങ്ങളും ക്ഷാരങ്ങളും കൊണ്ടുള്ള പൊള്ളലുകളുടെ പാടുകൾ വർദ്ധിച്ചുവന്നു. നാൾക്കു നാൾ ആരോഗ്യവും നശിച്ചു വന്നു. എളുപ്പത്തിൽ പണമുണ്ടാക്കാൻ നോക്കിയിട്ട് ഉള്ള ധനം കൂടെ നഷ്ടപ്പെടുത്തി. ഓരോ ദിവസം കഴിയുന്തോറും ജീവിതം ദുസ്സഹമാണ് എന്ന് അയാൾക്ക് തോന്നിത്തുടങ്ങി.

1669- ലെ ഒക്ടോബർ മാസത്തിലെ ഒരു സായാഹ്നം .പതിവുപോലെ ഹെന്നിങ് നിരാശ കൈവിടാതെ തന്റെ പണിപ്പുരയിലായിരുന്നു. ആ ദിവസം ഏതോ ഒരു ഉന്മേഷം തന്റെ ശരീരമാസകലം നിറഞ്ഞു നിൽക്കുന്നതായി അയാൾക്ക് തോന്നി. ഒരിക്കലും തുറക്കാത്ത, ‘ പൊടിയും മാറാലയും നിറഞ്ഞ ജനാലകൾ അയാൾ തുറന്നു. അസ്തമന സൂര്യന്റെ കിരണങ്ങൾ അയാളുടെ പണിപ്പുരയാകെ പ്രകാശകിരണങ്ങൾ പടർത്തി. അപ്പോഴാണ് ഹെന്നിങ് അത് ശ്രദ്ധിച്ചത്, താൻ മിശ്രണം ചെയ്തു കൊണ്ടിരുന്ന സ്ഫടിക പാത്രത്തിന്റെ അടിവശത്ത് മഞ്ഞുകട്ട പോലെ വെളുത്ത നിറത്തിലുള്ള ഒരു സാധനം അടിഞ്ഞുകൂടിയിരിക്കുന്നു.അതിൽ നിന്നും വിമ്മിഷ്ടമുണ്ടാക്കുന്ന തരത്തിലുള്ള പുക പുറത്തേക്ക് വമിക്കുന്നു. ഒന്നും മനസ്സിലായില്ലായെങ്കിലും അയാൾ അതിലേക്കു തന്നെ നോക്കി നിന്നു.

മുറിയിൽ ഇരുട്ടു കൂടി വന്നപ്പോൾ ആ സ്ഫടിക പാത്രത്തിലുള്ള ആ വസ്തു സ്വയം പ്രകാശിക്കുന്നതായി ഹെന്നിങിന് മനസ്സിലായി. അതിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രകാശം തന്റെ ഷെൽഫിലുള്ള ആൽക്കെമി പ്രബന്ധങ്ങൾ വായിക്കുവാൻ പര്യാപ്തമായിരുന്നു.(അപ്പോഴേക്കും പ്രബന്ധത്തിലെ കടലാസുകൾ പലതും അയാളുടെ വ്യാപാരത്തുകകളായും രസീതുകളായും മാറിക്കഴിഞ്ഞിരുന്നു.)

മൂത്രത്തിൽ നിന്നുമാണ് അദ്ദേഹം ഇതിനെ വേർതിരിച്ചെടുത്തതെന്ന് രസതന്ത്രജ്ഞന്മാർ കരുതപ്പെടുന്നു. ഫോസ്ഫേറ്റുകളുടെ രൂപത്തിൽ ഫോസ്ഫറസ് മൂത്രത്തിൽ ധാരാളമായി അലിഞ്ഞു ചേർന്നിട്ടുണ്ട്. മൂത്രത്തിൽ നിന്നും ചില ലവണങ്ങളുടെ ഘടകങ്ങളെ ബാഷ്പീകരണവും നിയന്ത്രിത സാന്ദ്രീകരണവും വഴി വേർതിരിക്കുന്നതിനുള്ള ശ്രമത്തിനിടയിൽ വെളുത്ത നിറത്തിലുള്ള തിളങ്ങുന്ന ഈ പദാർത്ഥം കണ്ടെത്തുകയായിരുന്നു.

അങ്ങനെ ഭാഗ്യവശാൽ ഫോസ്ഫറസ് എന്ന മൂലകം ഹെന്നിങ് കണ്ടു പിടിച്ചു. “പ്രകാശ ധാരിത ” അല്ലെങ്കിൽ “പ്രകാശ- ധാരി” എന്നർഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് ഫോസ്ഫറസിന് ഈ പേര് ലഭിച്ചത്.

ദീപ്ത യൗഗികങ്ങളിലെ മുഖ്യ ഘടകം ഫോസ്ഫറസ് ആണ്. ( ഷെർലക് ഹോംസ് വളരെക്കാലം അന്വേഷിച്ച് നടക്കേണ്ടി വന്ന കീർത്തികേട്ട ‘ബാസ്കർ വില്ലിലെ’ നായയെ കേട്ടിട്ടുണ്ടല്ലോ. അതിലെ വായിൽ ഫോസ്ഫറസ് പുരട്ടിയിരുന്നു.) ആവർത്തനപ്പട്ടികയിലെ ഒരു മൂലകത്തിനും അതിവിശിഷ്ടമായ ഈ സ്വഭാവമില്ല.
വിലപ്പെട്ടതും പ്രാധാന്യമുള്ളതുമായ ഫോസ്ഫറസിന്റെ ഗുണങ്ങൾ അനവധിയാണ്.

ജർമൻ രസതന്ത്രജ്ഞനായ മോൾസ് കോട്ട് ഒരിക്കൽ ഇങ്ങനെ പറഞ്ഞു: ”ഫോസ്ഫറസ് ഇല്ലാതെ ചിന്തകൾ ഉണ്ടായിരിക്കുകയില്ല.” ഇത് വളരെ ശരിയാണ് . നമ്മുടെ മസ്തിഷ്ക്കത്തിന്റെ ടിഷ്യൂകളിൽ അതി സങ്കീർണങ്ങളായ ഫോസ്ഫറസ് യൗഗികങ്ങൾ വളരെയധികമുണ്ട്.

ഫോസ്ഫറസ് ഇല്ലായിരുന്നുവെങ്കിൽ ജീവൻ ഉണ്ടാകുമായിരുന്നില്ല. അതില്ലായിരുന്നുവെങ്കിൽ ശ്വാസോച്ഛ്വാസപ്രക്രിയ സാധ്യമാകുമായിരുന്നില്ല . പേശികളിൽ ഊർജ്ജം ശേഖരിച്ചു വയ്ക്കുവാൻ കഴിയാതെ പോകുമായിരുന്നു. അവസാനമായി ഏതൊരു ജീവജാലത്തിന്റെയും ശരീരം നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ഇഷ്ടികയാണ് ഫോസ്ഫറസ്. എല്ലുകളിലെ പ്രധാന ഘടകം കാൽസ്യം ഫോസ്ഫേറ്റ് ആണ്. ഇത് ദാർശനിക ശിലയെ പോലെ തന്നെ പ്രാധാന്യമുള്ളതാണ്. ഇത് അചേതനങ്ങളെ സചേതനങ്ങളാക്കി ആക്കി മാറ്റുന്നു .

എന്തുകൊണ്ട് ഫോസ്ഫറസ് തിളങ്ങുന്നു?

ധവള ഫോസ്ഫറസ്സിന് മുകളിലായി ഫോസ്ഫറസ് ബാഷ്പങ്ങളുടെ ഒരു മേഘം എല്ലായ്പ്പോഴും ഉണ്ടായിരിക്കും. ഈ ബാഷ്പം ഓക്സീകരിക്കപ്പെടുന്നു. അപ്പോൾ വളരെയധികം ഊർജ്ജം പുറത്തേക്ക് വിടുന്നു. ഈ ഊർജ്ജം ഫോസ്ഫറസ് അണുവിനെ ഉത്തേജിപ്പിക്കുകയും അതിന്റെ ഫലമായി അത് തിളങ്ങുകയും ചെയ്യുന്നു.

അപസർപ്പക കഥകളിലെയും പ്രേത കഥകളിലെയും പ്രധാന വില്ലൻ ഫോസ്ഫറസാണ്. വെളുത്ത ഫോസ്ഫറസ്, വായുവിലെ ഓക്സിജനുമായി സമ്പർക്കത്തിലാകുമ്പോൾ തെളിഞ്ഞ പ്രകാശം പുറപ്പെടുവിക്കുന്നു. എല്ലിൽ ഇത്തരം ഫോസ്ഫറസ് ധാരാളം അടങ്ങിയിരിക്കുന്നു. ശ്മശാനങ്ങളിൽ രാത്രികാലങ്ങളിൽ ഉണ്ടാകുന്ന പ്രകാശം ഇങ്ങനെയുണ്ടാവുന്നതാണ്.

കറുത്ത ഫോസ്ഫറസ്, ചുവന്ന ഫോസ്ഫറസ്, വെളുത്ത ഫോസ്ഫറസ് എന്നിങ്ങനെ ഫോസ്ഫറസിന് വിവിധ വക ഭേദങ്ങളുണ്ട്. ആവർത്തനപ്പട്ടികയിൽ നൈട്രജന്റെ ഗ്രൂപ്പിലാണ് ഫോസ്ഫറസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോസ്ഫേറ്റ് പാറകളിൽ നിന്നുമാണ് സാധാരണയായി ലഭിക്കുന്നത്. എന്നാൽ നൈട്രജനിൽ നിന്നും വ്യത്യസ്തമായി പ്രവർത്തനശേഷി കൂടിയ ഒരു മൂലകമാണിത്. പ്രകൃതിയിൽ ഇത് സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നില്ല.

തീപ്പെട്ടിവ്യവസായത്തിനാണ് ഫോസ്ഫറസ് വ്യാവസായികമായി നിർമിച്ചു തുടങ്ങിയത്. എല്ലിൽ നിന്നും ലഭിക്കുന്ന ഫോസ്ഫേറ്റുകളിൽ നിന്നാണ് ഇത് ആദ്യമായി നിർമ്മിച്ചു തുടങ്ങിയത്. പിന്നീട് വൈദ്യുത ആർക്ക് ചൂളകളുടെ ആവിർഭാവത്തോടെ എല്ലിൽ നിന്നുള്ള ഫോസ്ഫറസ് നിർമ്മാണരീതി ഉപേക്ഷിക്കപ്പെട്ടു. ആദ്യം വെളുത്ത ഫോസ്ഫറസ് ആയിരുന്നു തീപ്പെട്ടി നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. അത് വിഷമയവും നിർമ്മാണത്തിന് പ്രായോഗിക ബുദ്ധിമുട്ടും ഏറിയിരുന്നു. തൊഴിലാളികൾക്ക് വെളുത്ത ഫോസ്ഫറസ് മൂലം മാറാരോഗങ്ങളും പിടിപ്പെട്ടു. ആദ്യകാലങ്ങളിൽ ആത്മഹത്യക്കുള്ള വിഷമായും വെളുത്ത ഫോസ്ഫറസ് ഉപയോഗിച്ചു വന്നു. ഈ മേഖലയിലെ നൂതന പരീക്ഷണങ്ങൾക്കൊടുവിൽ താരതമ്യേന അപകടം കുറഞ്ഞ ചുവന്ന ഫോസ്ഫറസിന്റെ കണ്ടുപിടിത്തതോടെ വെളുത്ത ഫോസ്ഫറസിന്റെ ഉപയോഗം തീരെയില്ലാതായി.

ഒന്നാം ലോകമഹായുദ്ധങ്ങളിലും രണ്ടാം ലോകമഹായുദ്ധങ്ങളിലും ബോംബുകൾ നിർമ്മിക്കുന്നതിനായി ഫോസ്ഫറസ് ഉപയോഗിച്ചിട്ടുണ്ട്. ഫോസ്ഫറസിന്റെ തിളക്കത്തിന്‌ തൃപ്തികരമായ ഒരു വിശദീകരണം നൽകിയത്‌ 1974-ൽ ആർ .ജെ .വാൻസീയാണ്. ഓക്സിജനുമായുള്ള പ്രവർത്തനഫലമായി ഉപരിതലത്തിൽ വളരെ കുറച്ചു സമയം മാത്രം നിലനിൽക്കുന്ന HPO, P2O2 എന്നീ സംയുക്തങ്ങൾ ഉണ്ടാകുന്നു. ഇവ രണ്ടും പ്രകാശം പുറപ്പെടുവിക്കുന്നവയാണ്‌. ഈ സംയുക്തങ്ങളാണ് ഫോസ്ഫറസിന്റെ തിളക്കത്തിന് കാരണം.

കാർഷികമേഖലയിൽ വളങ്ങൾ നിർമ്മിക്കുന്നതിനും ,സോഡിയം വിളക്കുകളിൽ പ്രത്യേക ചില്ലിന്റെ നിർമാണത്തിനും ,ചൈനീസ് മൺപാത്രങ്ങൾ നിർമ്മിക്കുന്നതിനും, ഉപയോഗിക്കുന്നു. ഫോസ്ഫറസിൽ നിന്നും നിർമ്മിക്കുന്ന ഫോസ്ഫോറിക് അമ്ലം സോഡാ പാനീയങ്ങൾ പോലുള്ള ഭക്ഷണപദാർത്ഥങ്ങളിൽ കേടുകൂടാതെയിരിക്കുന്നതിനായി ചേർക്കുന്നു.ഫോസ്ഫറസ് സംയുക്തങ്ങളായ മോണോ-കാത്സ്യം ഫോസ്ഫേറ്റ്, സോഡിയം ട്രൈപോളിഫോസ്ഫേറ്റ് എന്നിവയും ഈ അമ്ലത്തിൽ നിന്നുമാണ് നിർമ്മിക്കുന്നത്. സംസ്കരിച്ച മാംസം, പാൽക്കട്ടി എന്നിവയുടെ ഗുണങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഈ സംയുക്തങ്ങൾ ഉപയോഗിക്കുന്നു.

ടൂത്ത് പേസ്റ്റുകളിൽ ചേർക്കുന്നതിനും ഇത്തരം ഫോസ്ഫേറ്റുകൾ ഉപയോഗിക്കുന്നു.
ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് നേർപ്പിച്ച ഫോസ്ഫോറിക് അമ്ലമാണ്.