ഫെയ്‌സ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന്‌ സംഘര്‍ഷം; ലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്‌

കൊളംബോ:  സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് ശ്രീലങ്കയില്‍ വിലക്ക്‌ രാജ്യത്തിന്റെ പലഭാഗത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. പടിഞ്ഞാറന്‍ തീരനഗരമായ ചിലോവില്‍ മുസ്ലീം പളളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി.

ഫെയ്സ്ബുക്കില്‍ വന്ന പോസ്റ്റിന്റെ പേരിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് വഴിതുറന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒട്ടേറെപേരെ സൈന്യം അറസ്റ്റ് ചെയ്തു. തുടര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിക്കാന്‍ ചിലയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.  

അതേസമയം ഞായറാഴ്ചയാണ് മുസ്ലിം പള്ളികൾക്ക് നേരെയും മുസ്ലിങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായത്. യുവാവിന്റെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റിനെ തുടർന്നാണ് ആക്രമണങ്ങളെന്ന് പൊലീസ് അറിയിച്ചു.
ഫെയ്‌സ്ബുക്ക്‌ പോസ്റ്റിട്ട അബ്ദുൽ ഹമീദ് മുഹമ്മദ് ഹസ്മർ എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് മറ്റുചിലയിടങ്ങളിലും അനിഷ്ട സംഭവങ്ങളുണ്ടായി.