ഫാമില്‍ 18 ബാഗുകളിലായി ശരീര ഭാഗങ്ങള്‍; ഞെട്ടിക്കുന്ന കാഴ്ച

മെക്സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഫാമില്‍ നിന്നും മനുഷ്യശരീര ഭാഗങ്ങള്‍ കണ്ടെടുത്ത് സൈന്യം. വെസ്റ്റേണ്‍ മെക്‌സി ക്കോയിലുള്ള ജലിസ്‌കോയിലെ ഫാമില്‍ നിന്നുമാണ
18 ബാഗ് നിറയെ ശരീര ഭാഗങ്ങള്‍ കണ്ടെടുത്തത്. ശരീരം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സൈന്യം ഇവിടെ നിന്നും കണ്ടെത്തി.

അതേസമയം മൃതദേഹങ്ങളുടെ എണ്ണത്തില്‍ ഇതുവരെ കൃത്യത വന്നിട്ടില്ല. തെരച്ചില്‍ തുടരുന്നതിനാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. സൈന്യം ഇവിടെ റെയ്ഡ് നടത്താൻ എത്തിയതിനിടെ ഒരാൾ രക്ഷപ്പെട്ടതായി പറയപ്പെടുന്നു. ഫാമിൽ തടവിലാക്കപ്പെട്ടവരിൽ ഒരാളാകാം ഇതെന്നാണ് കരുതപ്പെടുന്നത്. ഇത്തരത്തിൽ തടവിലാക്കപ്പെട്ടിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച ജലിസ്കോയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 34 പേരുടെ ശരീര അവശിഷ്ടങ്ങൾ അധികൃതർ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഡിസംബർ ഒന്നു മുതലുള്ള കണക്കുകൾ അനുസരിച്ച് 222 കുഴിമാടങ്ങളും 337 ഓളം ശരീരങ്ങളുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കണ്ടെടുത്തിട്ടുള്ളത്.