ഫാനിയെ തോൽപ്പിച്ച പുരിയിലെ ജഗന്നാഥ ക്ഷേത്രം

ഋഷി ദാസ്

സഹസ്രാബ്ദങ്ങളായി തലയുയർത്തി നിൽക്കുന്ന ഒരു വാസ്തു വിസ്മയം.
അതി ശക്തമായ ഒരു ചക്രവാതം സകലതിനെയും തച്ചുടച്ചു കരക്കണഞ്ഞപ്പോൾ ആ ചക്രവാതത്തിന്റെ മുഴുവൻ ശക്തിയും ഏറ്റവുവാങ്ങി തലയുയർത്തി നിൽക്കുന്ന പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ വിദൂരചിത്രങ്ങൾ ചില മാധ്യമങ്ങളിലെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .

ജഗന്നാഥ ക്ഷേത്രം നില കൊള്ളുന്ന പുരി നഗരമാണ് ഫാനി ചക്രവാതത്തിന്റെ എല്ലാ രൂക്ഷതയും ഏറ്റുവാങ്ങിയത് .അതി ഭീഷണമായ ഈ ചക്രവാതം പല ആധുനിക നിര്മിതികളെയും കശക്കി എറിഞ്ഞെങ്കിലും ജഗന്നാഥ ക്ഷേത്രത്തിനു ഒരു പോറൽ പോലുമേറ്റില്ല , എന്ന വസ്തുത പുരാതന ഇന്ത്യൻ വാസ്തുവിദ്യയുടെ ഒരത്ഭുതം തന്നെയാണ്.

Related image

ജഗന്നാഥ ക്ഷേത്രം സഹസ്രാബ്ദങ്ങളോളം പഴക്കമുളളതാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഗംഗാ രാജവംശത്തിലെ മഹാരാജാവ് അനന്ത വർമൻ ആണ് ജഗന്നാഥ ക്ഷേത്രം ഇപ്പോൾ കാണുന്ന രീതിയിൽ പുതുക്കി നിർമിച്ചത് .

ഇതേ രാജവംശം തന്നെയാണ് കൊണാർക്കിലെ പ്രസിദ്ധമായ സൂര്യക്ഷേത്രവും പുനർ നിർമിച്ചത് .ഇതിഹാസങ്ങൾ പ്രകാരം മാൽവയിലെ മഹാരാജാവായ ഇന്ദ്രദ്വമ്നനാണ് ഭഗവാൻ വിഷ്ണുവിന്റെ ഉപദേശപ്രകാരം പുരിയുടെ കടൽത്തീരത്തു ജഗന്നാഥനായ കൃഷ്ണന്റെയും , ബലഭദ്രന്റെയും, ദേവി സുഭദ്രയുടെയും പ്രതിഷ്ഠ കുടികൊള്ളുന്ന ജഗന്നാഥ ക്ഷേത്രം വിശ്വകര്മാവിന്റെ സഹായത്തോടെ നിർമിച്ചത്.

Image result for puri jagannath temple

മുഗൾ ഭരണകാലത്തു ജഗന്നാഥക്ഷേത്രം മറ്റു പല ക്ഷേത്രങ്ങളെപ്പോലെയും പലതവണ കൊള്ളയടിക്കപ്പെട്ടു . പക്ഷെ ക്ഷേത്രം തകർക്കാനുള്ള അവരുടെ അനവധി ശ്രമങ്ങൾ പരാജയപ്പെട്ടു. ഔരംഗസേബിന്റെ ഭരണകാലത്താണ് മുഗൾ ക്രൂരതകളിൽ മിക്കതും അരങ്ങേറിയത് .

മേഘനാദ പാച്ചേരി എന്നുപേരുള്ള ഇരുപതടിയിലേറെ പൊക്കമുളള കനത്ത മതിലിനാൽ സംരക്ഷിതമാണ് ജഗന്നാഥ ക്ഷേത്രം . ഈ മതിലുകൾ മുഗൾ തേർവാഴ്ചക്കാലത്തു പലപ്പോഴും ജഗന്നാഥ ക്ഷേത്രത്തെ രക്ഷിച്ചിട്ടുണ്ട് .ജഗന്നാഥ ക്ഷേത്രത്തിലെ ഊട്ടുപുരയുടെ അടുക്കളയായ റോസഗ്രഹ ലോകത്തെ ഏറ്റവും വലിയ അടുക്കളയാണ്.

രഥ യാത്രയാണ് ജഗന്നാഥ ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ ഉത്സവം . ദശലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന ഒരു മഹോത്സവമാണ് പുരിയിലെ രഥയാത്ര.